കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് നാല് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊല്ലം – ചെന്നൈ, കൊല്ലം – മംഗലാപുരം, കോട്ടയം- ചെന്നൈ, തിരുവനന്തപുരം നോർത്ത് – മംഗലാപുരം റൂട്ടുകളിലാണ് ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്തത് ചർച്ചയാകുന്നതിനിടെയാണ് സ്പെഷ്യൽ സർവീസുകൾ വരുന്നത്. നാല് റൂട്ടിലും ഇരുദിശയിലേക്കുമായി 34 സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ട്രെയിൻ സമയവും സ്റ്റോപ്പുകളും വിശദാംശങ്ങളും അറിയാം.
ചെന്നൈ – കൊല്ലം എക്സ്പ്രസ്
06119 ചെന്നൈ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഇരുദിശകളിലേക്കുമായി 6 സർവീസാണ് നടത്തുക. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെ ബുധനാഴ്ചകളിലാണു ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കുള്ള സർവീസ്. ചെന്നൈയിൽ നിന്ന് ഉച്ചകഴിഞ്ഞ് 03:10ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 12:15ന് പാലക്കാട് എത്തും. തുടർന്ന് 01:16 ഷൊർണൂർ, 02:25 എറണാകുളം നോർത്ത്, 03:29 കോട്ടയം സ്റ്റേഷനുകൾ പിന്നിട്ട് 06:20ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.06120 കൊല്ലം – ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെയുള്ള വ്യാഴാഴ്ചകളിലാണ് സർവീസ് നടത്തുക. രാവിലെ 10:45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:22 കോട്ടയം, 01:35 എറണാകുളം നോർത്ത്, 04:35 ഷൊർണൂർ, 05:00 പാലക്കാട് സ്റ്റേഷനുകൾ പിന്നിട്ട് വെള്ളിയാഴ്ച പുലർച്ചെ 03:30ന് ചെന്നൈയിലെത്തും.
തിരുവനന്തപുരം നോർത്ത് – മംഗളൂരു ബൈ വീക്കിലി എക്സ്പ്രസ്
06041 മംഗളൂരു ജങ്ഷൻ തിരുവനന്തപുരം നോർത്ത് ബൈ വീക്കിലി എക്സ്പ്രസ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 13 വരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. വൈകീട്ട് 07:30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാലിലെ 08:00 മണിയ്ക്ക് തിരുവനന്തപുരത്തെത്തും. 06042 തിരുവനന്തപുരം നോർത്ത് മംഗളൂരു സർവീസ് ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് പകൽ 11:35ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 06:40ന് മംഗലാപുരത്തെത്തും.
കൊല്ലം – മംഗളൂരു എക്സ്പ്രസ്
06047 മംഗളൂരു – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ തിങ്കളാഴ്ചകളിലാണ് സർവീസ് നടത്തുക. രാത്രി 11 മണിയ്ക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10:20ന് കൊല്ലത്ത് എത്തും. 06048 കൊല്ലം – മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 09 വരെ ചൊവ്വാഴ്ചകളിലാണ് സർവീസ് നടത്തുക. വൈകീട്ട് 06:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 07:30ന് മംഗളൂരുവിലെത്തും.