നാമക്കൽ എംപി കെ ജയകുമാർ, അസമിലെ ബാർപ്പെറ്റയിൽനിന്നുള്ള അബ്ദുൾ ഖലീഖ്, കന്യാകുമാരി എംപി വിജയ് വസന്ത് എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചാണ് വെള്ളിയാഴ്‌ച ചേർന്ന പ്രിവിലേജസ് കമ്മിറ്റി പ്രമേയം പാസാക്കിയത്. ശീതകാല സമ്മേളനത്തിനിടെ, ലോക്‌സഭാതളത്തിൽ കടന്നുകയറി യുവാക്കൾ പ്രതിഷേധിച്ചതിലെ സുരക്ഷാവീഴ്ചയിൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടതിനാണ് ലോക്‌സഭിലെ നൂറും രാജ്യസഭയിലെ 46ഉം പ്രതിപക്ഷ എംപിമാരെ മോദി സർക്കാർ ഏകപക്ഷീയമായി പുറത്താക്കിയത്. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം എംപിമാർ കൂട്ടത്തോടെ പുറത്താക്കപ്പെട്ടത്. മറ്റ് പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ ശീതകാല സമ്മേളനത്തിന്റെ ശേഷിച്ച ദിവസങ്ങളിലേക്കായിരുന്നു. ജയകുമാർ അടക്കമുള്ള മൂന്ന് എംപിമാരുടെ സസ്‌പെൻഷൻ പ്രവിലേജസ് കമ്മിറ്റിയുടെ പരിഗണനയ്‌ക്കും വിട്ടു. രാജ്യസഭയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട 46 പ്രതിപക്ഷ എംപിമാരിൽ 11 പേരുടെ സസ്‌പെൻഷൻ കമ്മിറ്റിയുടെ പരിഗണനയിലാണ്.
ബജറ്റ് സമ്മേളനം 31 മുതൽ
പാർലമെന്റിന്റെ ഇടക്കാല ബജറ്റ് സമ്മേളനം 31ന് തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായുള്ള അവസാന സമ്മേളനമാണിത്. ഫെബ്രുവരി ഒമ്പതുവരെയാണ് സമ്മേളനം. ആദ്യദിനം രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. വനിതാ കർഷകർക്കുള്ള കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കിയുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ബജറ്റ് സമ്മേളനത്തിനു പിന്നാലെതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനമുണ്ടാകും.