മലപ്പുറം: 27 അലോപ്പതി മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന് (നോട്ട് സ്റ്റാൻഡേർഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. കഴിഞ്ഞ മേയിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നടത്തിയ സാമ്പിൾ പരിശോധനയിലാണ് കണ്ടെത്തൽ. വിവിധ സംസ്ഥാനങ്ങളിൽനിന്ന് റെഗുലേറ്റർമാർ ശേഖരിച്ച 1,302 സാമ്പിളാണ് അംഗീകൃത ലാബുകളിൽ പരിശോധിച്ചത്. 1,274 മരുന്ന് സാമ്പിൾ നിലവാരമുള്ളതായി സി.ഡി.എസ്.സി.ഒ പ്രഖ്യാപിച്ചു.
പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ എൻ.എസ്.ക്യു മരുന്നുകൾ മേയിൽ രണ്ട് ശതമാനം മാത്രമാണ്. മുൻ മാസങ്ങളിൽ ഇത് നാല് മുതൽ അഞ്ച് ശതമാനം വരെ ആയിരുന്നു. കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച ഒരുമരുന്ന് വ്യാജനെന്ന് സംശയിക്കുന്നതായും സി.ഡി.എസ്.സി.ഒ അറിയിച്ചു. ഹിമാചൽപ്രദേശിലെ സോളനിൽ അലയൻസ് ബയോടെക് നിർമാണ ലേബലുള്ള ഹെപ്പാരിൻ സോഡിയം ഇൻജക്ഷൻ IP 5000 IU/5 ml എന്ന ആന്റി-ഗോഗുലന്റ് (രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള) മരുന്നിന്റെ ഒരു ബാച്ചിന്റെ സാമ്പിളാണ് വ്യാജമാണെന്ന് കരുതുന്നത്.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്ന് സാമ്പിളുകളിൽ ജമ്മു-കശ്മീരിലെ കാഡില ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ടിൻവിസ്റ്റ 300 (ടിനിഡാസോൾ ഗുളികകൾ ഐ.പി 300 മില്ലിഗ്രാം), കൊൽക്കത്തയിലെ പൊതുമേഖല സ്ഥാപനമായ ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ബാക്ടീരിയ അണുബാധ ചികിത്സക്കായുള്ള ഓഫ്ലോക്സാസിൻ, ഓർണിഡാസോൾ ഗുളികകൾ, ഹിമാചൽപ്രദേശിലെ അൽകെം ലബോറട്ടറിയുടെ Almox-500 (അമോക്സിലിൻ ഗുളികകൾ), സിക്കിമിലെ അൽകെം ഹെൽത്ത് സയൻസ് നിർമിക്കുന്ന ക്ലാവം 625 (അമോക്സിസില്ലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകൾ) എന്നിവ ഉൾപ്പെടുന്നു.
ഹിമാചൽപ്രദേശിലെ സോളനിലുള്ള സൈപ്പർ ഫാർമയുടെ നാല് സാമ്പിൾ-ഡയറിയ സ്റ്റോപ് ഗുളികകൾ (ലോപെറാമൈഡ് ഹൈഡ്രോക്ലോറൈഡ് ഗുളികകൾ ഐ.പി), ക്ലോർഫെനിറാമൈൻ മെലേറ്റ് ഗുളികകൾ ഐ.പി നാല് മില്ലിഗ്രാം, ഡോക്സിഫിൽ-എൽബി കാപ്സ്യൂളുകൾ (ഡോക്സിസൈക്ലിൻ, ലാക്റ്റിക് ആസിഡ് ബാസിലസ് കാപ്സ്യൂളുകൾ), സെൻസെഫ്-ഒ ഗുളികകൾ (സെഫിക്സിം, ഓഫ്ലോക്സാസിൻ ഗുളികകൾ) എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.