ന്യൂഡൽഹി: 26 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭർതൃമതിയായ യുവതി നൽകിയ ഹരജിയിൽ സുപ്രീംകോടതി ഡൽഹി എയിംസിൽ നിന്ന് പുതിയ റിപ്പോർട്ട് തേടി. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ച ശേഷം ഹരജിയിൽ അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കടുത്ത വിഷാദത്തിന് ചികിത്സയിലാണെന്നും രണ്ടാമത്തെ കുഞ്ഞിന് ഒരു വയസേ ആയിട്ടുള്ളൂവെന്നും മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള ശാരീരിക-മാനസിക അവസ്ഥയിലല്ല താനെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് എയിംസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോസ്റ്റ്പോർട്ടം ഡിപ്രഷനായി യുവതി കഴിക്കുന്ന ഗുളികകൾ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് അറിയേണ്ടത്. കേസിൽ തിങ്കളാഴ്ചയാണ് ഇനി വാദം കേൾക്കുക. ”പരാതിക്കാരിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബെഞ്ചിനെ അറിയിച്ചു.
ഉടൻ ഗർഭഛിദ്രം വേണമെന്ന ആവശ്യം ഒന്നു കൂടി ആലോചിച്ചിട്ടു മതിയെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം 27കാരിയായ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. അതിന് 24 മണിക്കൂർ സമയവും നൽകി. തന്റെ മാനസിക പ്രശ്നം കാരണം ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയെന്നും കടുത്ത രീതിയിലുള്ള പോസ്റ്റ്പോർട്ടം ഡിപ്രഷനും സാമ്പത്തിക പ്രശ്നവും അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ഗർഭഛിദ്രം അനുവദിക്കണമെന്നും അഭ്യർഥിച്ച് 27കാരിയായ ഡൽഹി സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടുമക്കളുടെ അമ്മയാണ് യുവതി.
ആദ്യം ഹരജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഗർഭഛിദ്രത്തിന് അനുമതി നൽകി. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഹരജി പരിഗണിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമായിരുന്നു. പൊതുധാരണയിലെത്താൻ കഴിയാതെ, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും ബി.വി. നാഗരത്നയും ഒടുവിൽ കേസ് മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് റഫർ ചെയ്യുകയായിരുന്നു.