250-ഓളം ഉല്ലാസ യാത്രകള്‍, 84 ലക്ഷം രൂപയുടെ വരുമാനം; കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസിയുടെ വിജയക്കുതിപ്പ്

news image
Sep 26, 2025, 7:05 am GMT+0000 payyolionline.in

കോഴിക്കോട്: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി 84 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വര്‍ഷം ഇതുവരെ കെഎസ്ആര്‍ടിസിക്ക് നേടാനായത്. ഇക്കഴിഞ്ഞ ഓണക്കാലത്തും ഉല്ലാസയാത്ര വഴി ഒട്ടേറെ പേര്‍ യാത്രചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളിലായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് പദ്ധതി വഴി നേടിയത്. റിസോര്‍ട്ട് ടൂറിസത്തിന്റെ ഭാഗമായി കാസര്‍ഗോഡ് പുളിയന്‍തുരുത്തിലേക്കുള്ള പാക്കേജാണ് ഏറ്റവും പുതുതായി ഒരുക്കിയിട്ടുള്ളത്. സൂര്യകാന്തി പൂക്കളുടെ സീസണ്‍ തുടങ്ങിയതോടെ ജില്ലയില്‍ നിന്നും ഗുണ്ടല്‍പേട്ടിലേക്കും പ്രത്യേകം ട്രിപ്പുകള്‍ ഒരുക്കിയിരുന്നു.

കോഴിക്കോട്, താമരശ്ശേരി, തൊട്ടില്‍പ്പാലം, വടകര, തുരുവമ്പാടി ഡിപ്പോകള്‍ വഴിയാണ് ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നത്. 2022-ല്‍ ആരംഭിച്ച പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഗവി, ആതിരപ്പള്ളി-മൂന്നാര്‍, ഇലവീഴാപൂഞ്ചിര- ഇല്ലിക്കല്‍ക്കല്ല്, സൈലന്റ്‌വാലി തുടങ്ങി യാത്രകള്‍ക്കാണ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫര്‍ടിറ്റി ആഡംബരകപ്പല്‍ യാത്രയ്ക്കും ജില്ലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ബസില്‍ യാത്രക്കാരെ കൊച്ചിയിലെ ബോള്‍ഗാട്ടിയിലെത്തിച്ച് അവിടെ നിന്നും ഉള്‍ക്കടലിലേക്ക് കപ്പല്‍മാര്‍ഗം കൊണ്ടുപോകും. അതുകഴിഞ്ഞ് ബസില്‍ മടക്കയാത്ര. ചുരുങ്ങിയ ചെലവില്‍ സുരക്ഷിതമായി കടല്‍ക്കാഴ്ചകള്‍ കണ്ടു മടങ്ങാനുള്ള അവസരമാണിത്.

വിനോദയാത്രകള്‍ക്ക് പുറമേ തീര്‍ത്ഥാടനയാത്രകളും ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂകാംബിക, കൊട്ടിയൂര്‍, കണ്ണൂര്‍, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ നാലമ്പലം, ശബരിമല, ഗുരുവായൂര്‍, കൃപാസനം എന്നിങ്ങനെ സീസണ്‍ യാത്രകളും ഒരുക്കുന്നുണ്ട്. പഞ്ചപാണ്ഡവ ദര്‍ശനത്തിനും ആറന്മുള വള്ളസദ്യയ്ക്കുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ രണ്ട് വരെ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ കാക്കൂര്‍-നന്മണ്ട-ചേളന്നൂര്‍ എന്നിവിടങ്ങളിലായുള്ള ഒമ്പത് ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന ദശാവതാരക്ഷേത്ര ദര്‍ശനത്തിനും ജില്ലയില്‍ നിന്നും ആവശ്യക്കാര്‍ ഏറൊണ്. ബസ്സിനും തുടര്‍ന്നുള്ള ജീപ്പ് യാത്രയ്ക്കുമായി 500 രൂപയില്‍ താഴെയാണ് ചെലവ് വരുന്നത്.

അന്തര്‍ സംസ്ഥാന യാത്രകളായ മൂകാംബിക, മൈസൂര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രിപ്പുകള്‍ ഡീലക്‌സ് സെമിസ്ലീപ്പറുകളിലാണ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസിലും യാത്ര ക്രമീകരിക്കാറുണ്ട്. ഇതിനു പുറമേ വിവാഹാവശ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനയാത്രകള്‍ക്കും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നടത്താറുണ്ട്. ഗവി, മൂന്നാര്‍ ട്രിപ്പുകളാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കൊല്ലം മെയ് മാസത്തിലാണ് ജില്ലയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയത്, 19 ലക്ഷം രൂപ. ഗവി, മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോയ്ക്കും വ്യത്യസ്തമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe