2024ല്‍ അധികാരമാറ്റം സംഭവിക്കും ; വനിതാ പ്രധാനമന്ത്രിയുണ്ടാകും : ജ്യോതിഷിയുടെ പ്രവചനം

news image
Aug 11, 2023, 8:49 am GMT+0000 payyolionline.in

ബെംഗളൂരു∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷിയുടെ പ്രവചനം. തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വമ്പൻ വിജയം പ്രവചിച്ചു ശ്രദ്ധ നേടിയ ആളാണ് യശ്വന്ത്.ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി ഭരണം നിലനിർത്തുമെന്നും യശ്വന്ത് പറയുന്നു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധി, മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവരിൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിനു ഫെബ്രുവരിക്കു ശേഷം ഇതു പ്രവചിക്കുമെന്നും യശ്വന്ത് വ്യക്തമാക്കി. അതിനിടെ വിജയപുരയിൽനിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 3 മാസം ആകുമ്പോഴും പ്രതിപക്ഷ നേതാവിനെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe