2018ലെ പ്രളയ ദൃശ്യങ്ങൾ ഷെയർ ചെയ്താൽ കർശന നടപടി -മന്ത്രി കെ. രാജൻ

news image
May 24, 2025, 4:43 am GMT+0000 payyolionline.in

തൃശൂർ: കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അപകടങ്ങൾ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മഴക്കാലത്ത് 2018ലെ പ്രളയ ദൃശ്യങ്ങൾ പലരും ഷെയർ ചെയ്തിരുന്നു.

കാലവർഷത്തെ ജാഗ്രതയോടെയാണ്‌ സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഡിസാസ്റ്റർ പ്ലാൻ ആണ് തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞു, ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പട്ടുകൊണ്ടാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.

ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര്‍ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ട്രക്കിങ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe