2009ൽ മുതൽ നാടിന്‍റെ സ്വപ്നം; ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം

news image
Feb 20, 2025, 2:57 pm GMT+0000 payyolionline.in

കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂർക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. നിർമ്മാണം പൂർത്തിയായതോടെ  ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിൽ ഒന്നായി മാറുകയാണ് പാലം. 2009 ൽ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തിൽ തയ്യാറാക്കിയത്.

അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്‍റെ രൂപരേഖയിലും മാറ്റം വരുത്തി.  കെ എം സച്ചിൻദേവ് എം എൽ എയുടെയും കാനത്തിൽ ജമീല എം എൽ എയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിർമാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപയുടെ ഭരണാനുമതിയാണ് പിന്നീട് ലഭിച്ചത്‌.

പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളത്തിലും ജലോപരിതലത്തിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ആർച്ചുൾപ്പെടെ പത്ത് സ്‌പാനുകളിലായി 250.06 മീറ്റർ നീളത്തിലുമാണ് നിർമിച്ചത്. ഇരുവശത്തും  ഫുട്‌പാത്തും  ഗ്യാരേജുമുൾപ്പെടെ 12 മീറ്റർ വീതിയിൽ ബോസ്‌മിങ്സ്‌പാനും 11 മീറ്ററിൽ മറ്റു സ്‌പാനുകളും അപ്രോച്ചും നിർമിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിർമിച്ചിട്ടുണ്ട്.

എൻഎച്ച് 17 ലെ ചെങ്ങോട്ടുകാവിനെയും എൻഎച്ച് 38 ലെ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം അത്തോളി-ഉള്ളേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ സഹായിക്കുന്നതാണ്. ഫെബ്രുവരി 25ന് വൈകിട്ട് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പാലം നാടിന്‌ സമർപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe