സമരോത്സുകതയും വിപ്ലവ വീര്യവും നിറഞ്ഞ കേരളത്തിന്റെ ചെങ്കൊടി ചുവപ്പിന് വിട. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി എന്നും നിലകൊണ്ട സി പി ഐ എമ്മിന്റെ സമര യൗവനമാണ് 102 വര്‍ഷകാലം പൂര്‍ത്തിയാക്കി മണ്മറയുന്നത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ എം ഉള്‍പ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പേര് വി എസ് അച്യുതാനന്ദന്റെതായിരുന്നു. 2006 മെയ് 18-ന് കേരളത്തിന്റെ 20ാം മുഖ്യമന്ത്രിയായ വി എസ്, അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥ ദുര്‍ഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി പിന്നാക്ക കുടുംബത്തിലാണ് വി എസ് അച്യുതാനന്ദന് ജനിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായ വി എസിന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴില്‍ തേടേണ്ടിവന്നു. പിന്നീടുള്ള ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. പി കൃഷ്ണപിള്ളയിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് എത്തിയ വി എസ്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരത്തിലും സജീവ സാന്നിധ്യം ആയിരുന്നു.
1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പത് പേരില്‍ ഒരാളായിരുന്നു വി എസ്. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവായ വി എസ്, 2006 മെയ് 18ന് മുഖ്യമന്ത്രി ആയി ചുമതലയേറ്റു. സി പി ഐ എമ്മിന്റെ കരുത്തനായ സെക്രട്ടറിയായും ജനപ്രിയ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും അഴിമതിക്കെതിരെ അഹോരാത്രം പോരാടിയ സി പി ഐ എമ്മിന്റെ പ്രിയ നേതാവാണ് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി വിടവാങ്ങുന്നത്.