2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടിയോ?

news image
Apr 21, 2025, 8:51 am GMT+0000 payyolionline.in

ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക്‌ ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇത്തരം പോസ്റ്റുകൾക്ക് വിശദീകരണം ആയിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ ഉത്തരവ്.

നിലവിൽ ജി.എസ്.ടി ചുമത്താനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ല. ചില ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) പോലുള്ള ചാർജുകൾക്ക് ജി.എസ്.ടി ചുമത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള (പി.2.എം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തതിനാൽ നിലവിൽ യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടി ബാധകമല്ലെന്നും യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe