തൃശൂര്‍: ആംബുലന്‍സിന്റെ ‘വഴി’ തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. അത്യാസന നിലയിലായ രോഗിയുമായി പോയ ആംബുലന്‍സിനെയാണ് സ്വകാര്യ ബസുകള്‍ ‘തടഞ്ഞ’ത്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകള്‍ മനഃപ്പൂര്‍വം ആംബുലന്‍സിന്റെ വഴിമുടക്കി എന്നാണ് പരാതി.
തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ കാഞ്ഞാണി സെന്ററിലാണ് സംഭവം. ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്. റോഡിന്റെ വീതി കുറവും പ്രശ്നമാണ്. ശനിയാഴ്ച വൈകീട്ട് 4.30 നായിരുന്നു സംഭവം. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര ‘സര്‍വതോഭദ്ര’-ത്തിന്റെ ആംബുലന്‍സിനാണ് സ്വകാര്യ ബസുകള്‍ വഴി കൊടുക്കാതിരുന്നത്. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസ്സുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്.
ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. രണ്ടു ബസുകള്‍ ചേര്‍ന്ന് റോങ്ങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ് ഐ. കെ. അജിത്ത് വ്യക്തമാക്കി.
രണ്ടു വര്‍ഷം മുന്‍പ് സ്വകാര്യ ബസ് ഡ്രൈവര്‍ മനക്കൊടി ചേറ്റുപുഴയില്‍ വച്ച് ആംബുലന്‍സിനെ വഴി തടഞ്ഞ് ആശുപത്രിയില്‍ യഥാസമയം എത്തിക്കാന്‍ ആകാതെ വീട്ടമ്മ മരിച്ചിരുന്നത് വിവാദമായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മൂന്നു ബസുകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുടി ഡി വൈ എസ് പി അറിയിച്ചു.