18 വർഷമായി ദുബൈയിൽ ജയിലിലായിരുന്ന അഞ്ച് പ്രവാസികൾ മോചിതരായി നാട്ടിലെത്തി

news image
Feb 21, 2024, 9:41 am GMT+0000 payyolionline.in

ഹൈദരാബാദ്: 18 വർഷമായി ദുബൈയിൽ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ മോചിതരായി നാട്ടിലെത്തി. കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന തെലങ്കാന സ്വദേശികളാണ് തിരിച്ചെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളും ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

 

തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലക്കാരായ  ശിവരാത്രി മല്ലേഷ്, ശിരാത്രി രവി, ഗൊല്ലം നംപള്ളി, ദുണ്ടുഗുല ലക്ഷമൺ, ശിവരാത്രി ഹൻമന്തു എന്നിവർ 2005ലാണ് ദുബൈയിൽ ജയിലിലായത്. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന  ഒരു നേപ്പാൾ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായതും വിചാരണയ്ക്ക് ശേഷം 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതും.

 

അഞ്ച് പേരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ബിആർഎസ് നേതാവ്  കെ.ടി രാമ റാവുവിന്റെ നേതൃത്വത്തിൽ വിവിധ നയതന്ത്ര മാർഗങ്ങളിലൂടെ നടത്തിയിരുന്നു. 2011ൽ കെ.ടി രാമ റാവു നേപ്പാൾ സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ട നേപ്പാൾ പൗരന്റെ ബന്ധുക്കളെ കണ്ട് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തിരുന്നു. അതേസമയം ശിക്ഷയിൽ ഇളവുതേടി ഇവർ നൽകിയ അപേക്ഷ ദുബൈ കോടതി തള്ളുകയായിരുന്നു. ഇതോടെ മോചന ശ്രമങ്ങള്‍ നീണ്ടുപോയി.

 

പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ കെ.ടി രാമ റാവു, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദര്‍ശിക്കാനുള്ള അവസരം നേടുകയും അദ്ദേഹത്തിന് മാപ്പപേക്ഷ നൽകുകയും ചെയ്തു. പിന്നെയും മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അഞ്ച് പേരുടെയും അപേക്ഷ അംഗീകരിച്ച് മോചനം സാധ്യമായത്. 18 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം മോചിതരായ ഇവ‍ർ വിമാനത്താവളത്തിലെത്തിയപ്പോൾ കാത്തിരുന്ന ബന്ധുക്കള്‍ കണ്ണീരോടെയാണ് സ്വീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe