’18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം’, തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നുവെന്ന് പൊലീസ്

news image
Dec 14, 2023, 4:13 am GMT+0000 payyolionline.in

പത്തനംതിട്ട: പതിനെട്ടാം പടിക്ക് മേൽകൂര നിർമിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽത്തൂണുകൾ തീർത്ഥാടകരെ പടി കയറ്റിവിടുന്ന പൊലീസിന് ബുദ്ധിമുട്ടാകുന്നു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതിൽ പൊലീസിന് വേഗത പോരെന്ന് ദേവസ്വം ബോർഡ് വിമർശിക്കുമ്പോഴാണ് പൊലീസിന്റെ വിശദീകരണം.

കൊത്തുപണികളോടെയുള്ള കൽത്തൂണുകൾക്ക് മുകളിൽ ഫോൾഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാർപാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ പൂജകൾ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വർണ്ണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. ഇതായിരുന്നു ഉദ്ദേശം. എന്നാൽ അപൂർണ്ണമായി നിൽക്കുന്ന ഈ തൂണുകൾ തങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് പൊലീസിന്റെ പരാതി.

തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പൊലീസ് ഇരിക്കുന്നത് ഇപ്പോൾ തൂണുകൾ സ്ഥാപിച്ച സ്ഥലത്താണ്. തൂണുകൾ വച്ചതാടെ പൊലീസിന് ബുദ്ധിമുട്ടായെന്ന് എസ്പി വിശദരീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒരു മിനിട്ടിൽ 75 പേരെയെങ്കിലും കയറ്റണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതും അതിന് കഴിയില്ലെന്ന് എഡിജിപി വ്യക്തമാക്കിയതും. ഇതിന് പിന്നാലെയാണ് പൊലീസിന് ബുദ്ധിമുട്ടായ കൽതൂണുകൾ മാറ്റണമെന്നാവശ്യം ഉന്നയിക്കുന്നത്. ഈ കൽതൂണുകൾക്കെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്. ഹൈദ്രാബാദ് ആസ്ഥാനയുള്ള കമ്പനി വഴിപാടായാണ് ഇത് നിർമ്മിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe