13000 രൂപ വരെ ലഭിക്കും, ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്; അപേക്ഷാ തിയ്യതി നീട്ടി

news image
Feb 4, 2025, 6:07 am GMT+0000 payyolionline.in

തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 10 വരെ അപേക്ഷാ തിയ്യതി നീട്ടി.

സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളര്‍ഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡ് പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷണിച്ചത്.

ബിരുദത്തിന് പഠിക്കുന്ന  വിദ്യാര്‍ത്ഥിനികള്‍ക്ക് 5000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന  വിദ്യാര്‍ത്ഥിനികള്‍ക്ക് 6000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ്  ഇനത്തിൽ 13000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്.  ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്  അപേക്ഷിക്കാം.

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവര്‍ക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി 10നകം സമർപ്പിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe