തിരുവനന്തപുരം: പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ സുപ്രധാന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ഇന്ന് ഉദ്ഘാടനം ചെയ്തതായും മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
‘പ്രവര്‍ത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക് പോളിമേഴ്‌സ് ഇന്റസ്ട്രീസ് 20 കോടിയോളം രൂപ നിക്ഷേപമുള്ള യൂണിറ്റാണ്. മുപ്പത് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം മെഥനോള്‍ ഉപയോഗിച്ച് ഫോര്‍മാള്‍ഡിഹൈഡ് നിര്‍മ്മിക്കുന്നതിന് പ്രാധാന്യം നല്‍കുന്നു.’ പെയിന്റ് കമ്പനികള്‍ക്കും പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്കുമാവശ്യമായ ഫോര്‍മാള്‍ഡിഹൈഡ് ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുമെന്ന് മന്ത്രി രാജീവ് പറഞ്ഞു.
‘1200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ ഇതിനോടകം 17 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് മുന്നേ തന്നെ യൂണിറ്റുകളുടെ പ്രവര്‍ത്തനമാരംഭിച്ചുവെന്നത് കേരളത്തിലേക്ക് നിക്ഷേപകര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ്.’ 481 ഏക്കറില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി രാജീവ് അറിയിച്ചു.