ന്യൂഡൽഹി: തൊഴിലാളികളെ വൻതോതിൽ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടാകില്ലെന്ന് പ്രവചിക്കുന്നതിനാൽ ചെലവുകൾ ചുരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. കമ്പനിയുടെ പ്രകടനം വേണ്ടത്ര മികച്ചതല്ല. സ്ഥിരമായി സേവനങ്ങൾ എത്തിക്കുന്നതിന്, വോഡഫോൺ മാറണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് വോഡഫോണിന് 104,000 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 11,000 പിരിച്ചുവിടലുകൾ വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും. ഉപഭോക്താക്കൾ , ലാളിത്യം, വളർച്ച എന്നിവയാണ് തന്‍റെ മുൻഗണനകൾ എന്നും സ്ഥാപനം ലളിതമാക്കി മത്സരശേഷി വീണ്ടെടുക്കാനുള്ള സങ്കീർണതകൾ ഒഴിവാക്കുമെന്നും മാർഗരിറ്റ ഡെല്ല വാലെ കൂട്ടിച്ചേർത്തു.