108 ആംബുലൻസ് പൂർണമായും നിർത്തിവെച്ച് സിഐടിയു പണിമുടക്ക്; മന്ത്രിയുടെ ഇടപെടൽ, പിന്നാലെ പിൻവലിച്ചു

news image
Jul 23, 2024, 2:46 pm GMT+0000 payyolionline.in

തിരുവനന്തപുരം: ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തി സിഐടിയു. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് ചർച്ച നടത്തി സമരം അവസാനിപ്പിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും ഇത് തികയില്ല എന്ന് കാട്ടി 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിര്‍ത്തിവെച്ചുള്ള സമരം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ആരംഭിച്ച സമരം 12 മണി വരെ നീണ്ടുനിന്നു. ഇതിനിടയിൽ രാവിലെ 10 മണിയോടെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ വെച്ച് യൂണിയൻ പ്രതിനിധികളും കരാർ കമ്പനി അധികൃതതരുമായി നടന്ന ചർച്ചയിൽ 29ന് സർക്കാർ ഫണ്ട് നൽകുമെന്നും മുപ്പതാം തീയതി ജീവനക്കാർക്ക് കുടിശിക വന്ന ജൂൺ മാസത്തെ ശമ്പളം ലഭ്യമാക്കുമെന്നും ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജീവൻ ബാബു ഐഎഎസ്,

സിഐടിയു സംസ്ഥന സെക്രട്ടറി കെ.എൻ ഗോപിനാഥ്, യൂണിയൻ പ്രതിനിധികൾ, കമ്പനി പ്രധിനിധികളായ ഗിരീഷ്, ശരവണൻ അരുണാചലം എന്നിവർ പങ്കെടുത്തു. ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള ഫണ്ട് ഈ മാസം 29ന് ലഭ്യമാക്കുമെന്നും ജൂൺ മാസത്തെ ശമ്പളം ഈ മാസം 30 ന് നൽകും എന്നും ചർച്ചയിൽ തീരുമാനമായി. ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം എല്ലാമാസവും പത്താം തീയതിക്ക് മുൻപായി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡും ഉറപ്പു നൽകിയതായി സിഐടിയു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആംബുലൻസ് അറ്റകുറ്റപ്പണികൾ എത്രയും വേഗം പരിഹരിക്കും. പണിമുടക്കുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരെ നടപടികൾ സ്വീകരിക്കില്ല. തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തും. ഇൻക്രിമെന്റ്, ഉത്സവബത്തയും ആഗസ്റ്റ് 15 ന് മുൻപ് ചർച്ച ചെയ്ത‌് തീരുമാനിക്കും എന്നിങ്ങനെ മറ്റു തീരുമാനങ്ങളും ചർച്ചയിൽ കൈക്കൊണ്ടതായി യൂണിയൻ പ്രതിനിധികൾ അറിയിച്ചു. രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സിഐടിയുവിൻ്റെ നേതൃത്വത്തിൽ 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe