കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ.
ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 25 മുതൽ 50വരെ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഓരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷനും അനുമോദനവും സര്‍ട്ടിഫിക്കറ്റും നൽകുമെന്നാണ് പറഞ്ഞത്. 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
എന്നാൽ, പറഞ്ഞ തുക ഇതുവരെ നൽകിയിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. 104 കുട്ടികളെയാണ് പരിപാടിയിൽ താൻ പങ്കെടുപ്പിച്ചതെന്നും കാസർകോട് നീലേശ്വരത്തു നിന്നുള്ള നൃത്തധ്യാപിക പറഞ്ഞു. പരിപാടി നടന്ന് കഴിഞ്ഞിട്ടും പണം നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധ്യാപിക പറഞ്ഞു.