ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി

news image
Mar 3, 2024, 11:05 am GMT+0000 payyolionline.in

കൊച്ചി: ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാൻറുകൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

തീരപ്രദേശങ്ങളിലെ മാലിന്യ സംസ്ക്കരണത്തിന് വാതിൽപ്പടി അജൈവമാലിന്യ ശേഖരണ സംവിധാനം നടപ്പാക്കുന്നുണ്ടെന്നും അതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർധന ഒരു പരിധിവരെ കുറക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസ്രോതസുകളിൽ മാലിന്യങ്ങൾ തള്ളുന്നത് ഗൗരവമായ കുറ്റകൃത്യമാണ്. ജലാശയങ്ങളെ മാലിന്യമുക്തമാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയിൽ ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ എന്നിവയിലെ അശാസ്ത്രീയമായ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖാമുഖത്തിൽ ആലപ്പുഴ റസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സൗമ്യ രാജ് ആവശ്യപ്പെട്ടിരുന്നു. അറബിക്കടലും വേമ്പനാട്ടു കായലും നിരവധി ഇടത്തോടുകളും കൊണ്ട് സമ്പന്നമായ ആലപ്പുഴ ജില്ലയിലെ കൂടുതൽ വിനോദ സൗഹൃദമാക്കണമെന്നും സൗമ്യ രാജ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe