തേഞ്ഞിപ്പലം: ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി റേറ്റിങ് കൂട്ടാനുള്ള വ്യാജ ജോലിയില്‍ വന്‍ വരുമാനം വാഗ്ദാനംചെയ്ത് ടെലഗ്രാം വഴി ആളുകളെ പ്രലോഭിപ്പിച്ച് ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ‘ആപ്പിള്‍ വെക്കേഷന്‍’ എന്ന പേരിലുള്ള വ്യാജ കമ്പനിയുടെ പേരിലാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിൽ വള്ളിക്കുന്ന് സ്വദേശിയുടെ അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടമായി.
സൈബര്‍ കുറ്റവാളികള്‍ നല്‍കിയ ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി സ്ഥാപനത്തിന്റെ റേറ്റിങ് കൂട്ടിക്കൊടുത്താല്‍ നല്ല തുക പ്രതിഫലമായി നല്‍കുമെന്നായിരുന്നു മോഹനവാഗ്ദാനം. ഇതുപ്രകാരം ആദ്യദിനത്തില്‍തന്നെ 2500 രൂപ പ്രതിഫലം നല്‍കി. കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനായി മുന്നോട്ടുപോകാന്‍ 10,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ പുതിയ ഓഫര്‍ നല്‍കി 19,500 രൂപ വാങ്ങിയെടുത്തു. വരുമാനം കൂട്ടാനുള്ള ഓഫറുകള്‍ പിന്നാലെ വന്നു. ഒടുവില്‍ 65,000 രൂപയും വള്ളിക്കുന്ന് സ്വദേശി നല്‍കി. ഇതു കഴിഞ്ഞപ്പോള്‍ അടുത്ത പ്രലോഭനമായി. രണ്ടു ലക്ഷം അടച്ചാലുള്ള പുതിയ ഓഫറില്‍ വഴങ്ങാതായതോടെ ഫോണ്‍വിളികളും ടെലഗ്രാം വഴി സന്ദേശങ്ങളുമെത്തി.
തട്ടിപ്പാണെന്ന് മനസ്സിലാക്കി പിന്മാറാന്‍ ശ്രമിച്ചപ്പോഴേക്കും വ്യക്തിവിവരങ്ങളെല്ലാം തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ടെലഗ്രാം വഴി നഗ്നഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ചുനല്‍കി ഭീഷണിപ്പെടുത്തി. മാനഹാനിയും ഭയവും കാരണം പിന്നീട് പല ഘട്ടങ്ങളിലായി അഞ്ചു ലക്ഷത്തോളം രൂപ നല്‍കേണ്ടി വന്നു. ആശയവിനിമയം മുഴുവന്‍ ടെലഗ്രാമിലൂടെയായതിനാല്‍ പണം അപഹരിച്ച സംഘത്തെക്കുറിച്ച് ഒരു വിവരവുമില്ല.