ആലപ്പുഴ: രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ചില കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് വീണ്ടും വിളിപ്പിക്കുന്നത്. അടുത്തദിവസംതന്നെ ആലപ്പുഴയിൽ ഹാജരാകാൻ നിർദേശം നൽകും. കേസിലെ പ്രതിയായ തസ്ലീമയും ശ്രീനാഥ് ഭാസിയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ കണ്ടെത്തിയിരുന്നു.
അതിൽ കുഷ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ് എന്നും ഗ്രീൻ എന്നും കഞ്ചാവിന്റെ കോഡ് നാമമാണ്. ആദ്യം വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിൽ നടൻ നൽകിയ മൊഴിപ്രകാരം ചില വിവരങ്ങളും തെളിവുകളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
ഇത് ചോദിച്ച് ഉറപ്പുവരുത്താൻ വേണ്ടി കൂടിയാണ് രണ്ടാംവട്ട ചോദ്യം ചെയ്യലിന് ശ്രമിക്കുന്നത്. അതിനിടെ, ചിലരെ സാക്ഷിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ തസ്ലീയ സുൽത്താൻ (ക്രിസ്റ്റീന -41) ഇവരുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവർ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് എക്സൈസ് കണ്ടെത്തൽ.
അതേസമയം, മോഡലായ സൗമ്യ ആദ്യഘട്ട ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ എക്സൈസ് വിശ്വാസത്തിലെടുത്തട്ടില്ല. 2000-3000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഗൂഗിൾപേ വഴി ഇവർ തസ്ലീമയുമായി നടത്തിയിട്ടുണ്ട്. ഇതിന്റെ ദൂരുഹത മാറ്റാൻ കൂടുതൽ തെളിവുകൾ ശേഖരിക്കണം. ഇത് പൂർത്തിയായാൽ മോഡലിനെ വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ തെളിവ് ലഭിച്ചാൽ ഈ കേസിൽ മോഡലിനെകൂടി പ്രതിചേർക്കാനുള്ള സാധ്യതയുണ്ട്.
സിനിമ മേഖലയിലടക്കം പ്രമുഖരായ അഞ്ചുപേരെയാണ് അന്വേഷണസംഘം ഇതുവരെ ചോദ്യംചെയ്തത്. നടന്മാരായ ഷൈൻടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ അണിയറ പ്രവർത്തകൻ ജോഷി എന്നിവരെയാണ് ചോദ്യംചെയ്തത്. ഇവരിൽനിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്യൽ തുടരുകയാണ്.
പ്രതികൾക്കെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ഒരുമാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. തസ്ലീമക്ക് കഞ്ചാവ് കടത്തിനൊപ്പം മറ്റ് ചില ഇടപാടുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.