ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇരുവരോടും രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് എത്താനായിരുന്നു ആവശ്യപ്പെട്ടത്. രാവിലെ 7.30ഓടെ തന്നെ ഷൈൻ ടോം ചാക്കോ ഓഫിസിലെത്തി. 8.15ഓടെ അഭിഭാഷകനോടൊപ്പം ശ്രീനാഥ് ഭാസിയുമെത്തി. പാലക്കാട് സ്വദേശിയായ മോഡൽ കെ. സൗമ്യയും ഹാജരായിട്ടുണ്ട്.
രണ്ടാഴ്ചമുമ്പ് ആലപ്പുഴയിൽ പിടിയിലായ ലഹരി റാക്കറ്റിലെ കണ്ണിയായ തസ്ലിമ സുൽത്താനയുമായി ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവർക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, കഞ്ചാവ് ഇടപാടു സംബന്ധിച്ച വ്യക്തമായ തെളിവുകൾ കിട്ടിയില്ല. ഇതിന്റെ ഭാഗമായാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. അഞ്ച് പേരുടെ പേരുകൾ തസ്ലിമ സുൽത്താന പറഞ്ഞിരുന്നുവെന്നും അതിൽ മൂന്ന് പേരെയാണ് ഇന്ന് വിളിപ്പിച്ചതെന്നും എക്സൈസ് പറഞ്ഞു. കഞ്ചാവ് ഇടപാട് ഇവർക്കുണ്ട് എന്ന് തെളിഞ്ഞാൽ മാത്രമേ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.
കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ബിഗ്ബോസ് സീസൺ ആറ് വിജയി ജിന്റോ ബോഡിക്രാഫ്റ്റ്, സിനിമാ പ്രവർത്തകൻ ജോഷി എന്നിവർക്ക് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവർക്കും തസ്ലിമയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.
അതിനിടെ, ഹൈബ്രിഡ് കഞ്ചാവുമായി ഇന്നലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ സസ്പെൻഡ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ അറിയിച്ചു. സിനിമ മേഖലയിലെ രാസലഹരി ഉപയോഗത്തിൽ സംഘടനകൾ നിസ്സംഗത പുലർത്തുകയാണെന്ന ആരോപണത്തിനിടെയാണ് ഈ നടപടി. ലഹരിക്കേസുകളിൽ വലിപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡൻറും സംവിധായകനുമായ സിബി മലയിൽ പറഞ്ഞു.