ഹൈക്കോടതി തീരുമാനം മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ്, മുൻകൂർ ജാമ്യാപേക്ഷയുടെ പകർപ്പ് പുറത്ത്

news image
Sep 26, 2024, 10:25 am GMT+0000 payyolionline.in

ദില്ലി : ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർജാമ്യാപേക്ഷയുടെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

154 പേജുള്ള സിദ്ദിഖിന്റെ ജ്യാമാപേക്ഷയിൽ നിലനിൽക്കാത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നാണ് പ്രധാനവാദം. ഹൈക്കോടതി നടപടി മുൻ സുപ്രീം കോടതി വിധികൾക്കെതിരാണ്. അമ്മയും ഡബ്ല്യൂസിസിയും  തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ല. ലൈംഗിക ബന്ധം ഇല്ലാത്തതിനാൽ ബലാത്സംഗമല്ലെന്ന് താൻ വാദിച്ചിട്ടില്ല. താൻ വാദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. അതിജീവിതയ്ക്ക് തന്നിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദവും നിലനിൽക്കില്ല.

പരാതിക്കാരി സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല.ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. ലൈംഗിക ശേഷി പരിശോധനക്ക് താൻ തയ്യാറാണ്. അതിനായി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്നും സിദ്ദിഖ് വാദിക്കുന്നു. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe