തിരുവനന്തപുരം: ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തതിന് ശേഷം സിനിമയിൽ കുറേ തിരിച്ചടികൾ നേരിടേണ്ടിവന്നെന്ന് നിർമാതാവ് സാന്ദ്ര തോമസ്. അതിന് അസോസിയേഷനിലെ പലരും സാക്ഷികളാണ്. സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. പ്രതികാര നടപടിയുണ്ടായി. നിവൃത്തിയില്ലാതെയാണ് പരാതി നൽകാൻ തീരുമാനിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ബി ഉണ്ണികൃഷ്ണനെതിരെ താൻ പരാതി പറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഉപദ്രവിക്കാൻ ശ്രമമുണ്ടായെന്ന് സാന്ദ്ര പറയുന്നു. തന്നെ പുറത്താക്കുന്നതിൽ ഉണ്ണികൃഷ്ണൻ വലിയ പങ്ക് വഹിച്ചു. കേസുമായി മുന്നോട്ടുപോകുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പരാതി കൊടുത്തവരെ കുടുംബപരമായി പോലും ഉപദ്രവിക്കുന്നു. ഗതിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് കേസ് കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
അതേസമയം സാന്ദ്രയെ തഴയണമെന്ന് ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. സാന്ദ്രയ്ക്ക് തെറ്റിദ്ധാരണയാണ്. സാന്ദ്ര ഇനി സിനിമ ചെയ്താൽ സഹകരിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടെന്നും തൊഴിൽ സ്വാതന്ത്ര്യത്തിന് തടസം നിന്നെന്നും പരാതിയിലുണ്ട്.