കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. ആകെ 33 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 11 കേസുകൾ ഒരു അതിജീവിതയുടെ പരാതിയിലാണെന്നും നാല് കേസുകളിൽ അവ്യക്തത ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
എല്ലാ കേസുകളിലും ആരോപണ വിധേയരെ തിരിച്ചറിയുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. കോടതികളിൽ നിന്നും മുൻകൂർ ജാമ്യം നേടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കും. തെളിവുകൾ ഇല്ലാത്തതിനാൽ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സർക്കാർ വ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബഞ്ച് ഈ മാസം 19 ന് ഹർജികൾ വീണ്ടും പരിഗണിക്കും.