തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കന്ററി മേഖലയുടെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനം. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കൈകളിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരും. നിലവിൽ 2015ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചുവരുന്നത്.
കഴിഞ്ഞ10 വർഷക്കാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചുകൊണ്ടുമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുക. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഹയർ സെക്കന്ററി പുസ്തക പരിഷ്കരണത്തിൽ പരിഗണിക്കും.