ഹയര്‍ സെക്കൻഡറി അധ്യാപകരുടെ ട്രാന്‍സ്ഫര്‍: താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

news image
May 20, 2025, 2:39 pm GMT+0000 payyolionline.in

സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകരുടെ 2025- 26ലെ ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താത്കാലിക പട്ടിക (പ്രൊവിഷണല്‍ ലിസ്റ്റ്) www.dhsetransfer.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ മെയ് 24 നകം [email protected] എന്ന ഇ- മെയിലില്‍ സമര്‍പ്പിക്കണം. മെയ് 31 നകം ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.

പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റില്‍ കുറവായി കാണുന്നുവെങ്കില്‍ അത്തരം പരാതികള്‍ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുന്‍ഗണന, അനുകമ്പാര്‍ഹം വിഭാഗത്തില്‍ തെറ്റായ വിവരങ്ങളും രേഖകളും നല്‍കി ആനുകൂല്യം പറ്റുന്നവര്‍ ലിസ്റ്റിലുണ്ടെങ്കില്‍ അതിനെതിരെ മറ്റുള്ളവര്‍ക്കും പരാതി നല്‍കാം. പ്രിന്‍സിപ്പല്‍മാര്‍ ഫോര്‍വേഡ് ചെയ്ത മുന്‍ഗണനാ വിഭാഗത്തിലെ അപേക്ഷകള്‍ മതിയായ രേഖകള്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തിയാല്‍ ആ വിഭാഗത്തില്‍ നിന്ന് അവരെ മാറ്റും.

 

8,209 അപേക്ഷകളാണ് ജനറല്‍ ട്രാന്‍സ്ഫറിനായി ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ 4,694 അധ്യാപകര്‍ക്ക് മറ്റു സ്‌കൂളുകളിലേക്കും 3,245 അധ്യാപകര്‍ക്ക് അവര്‍ നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്ക്കും പ്രൊവിഷണല്‍ ലിസ്റ്റ് പ്രകാരം ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3,607 അധ്യാപകര്‍ക്ക് അവരുടെ ഒന്നാമത്തെ ചോയ്‌സും 768 അധ്യാപകര്‍ക്ക് രണ്ടാമത്തെ ചോയ്‌സും ലഭിച്ചു. 467 അധ്യാപകര്‍ക്ക് മൂന്നാമത്തെയും 316 അധ്യാപകര്‍ക്ക് നാലാമത്തേയും ചോയ്‌സുകള്‍ ലഭിച്ചു. അന്തിമ പട്ടികയില്‍ മാറ്റം വരാം.

പരാതി പരിഹാര സമിതി

ഹയര്‍ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് പരാതികള്‍ പരിശോധിക്കാനായി സര്‍ക്കാര്‍ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗ സമിതിയിലേക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള വിശദാംശങ്ങള്‍ പുറത്തിറക്കി. ഹെല്‍പ്പ് ഡെസ്‌ക്, പരാതി പരിഹാര ഇ-മെയില്‍ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളില്‍ പരാതി നല്‍കി തൃപ്തികരമല്ലെങ്കില്‍ മാത്രമാണ് സമിതിക്കായി പരാതികള്‍ നല്‍കേണ്ടത്. നിശ്ചിത ഫോര്‍മാറ്റില്‍ മതിയായ രേഖകളോടെ വേണം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ നല്‍കേണ്ടത്. ലഭിക്കുന്ന പരാതികളുടെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കില്‍ പരാതിക്കാരന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ സമിതിയുടെ മുമ്പാകെ ഹാജരാകാനും അവസരമുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe