മലപ്പുറം: ഹജ്ജ് വോളന്റിയർ (ഖാദിമുല്‍ ഹുജ്ജാജ്) തെരഞ്ഞെടുപ്പിനുള്ള ഇൻറർവ്യൂ മാർച്ച് ആറ്, ഏഴ് തീയതികളിൽ രാവിലെ ഒമ്പത് മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
നിശ്ചിത തീയതിക്കകം ഓൺലൈനായി അപേക്ഷിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള അപേക്ഷകർ മാർച്ച് ആറിനും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള അപേക്ഷകർ 2024 മാർച്ച് 7നും ഇൻറർവ്യൂവിന് ഹാജരാകണം.
ഇന്റർവ്യൂ സമയത്ത് താഴെ പറയുന്ന രേഖകളുടെ ഒറിജിനലും ഒരു കോപ്പിയും ഹാജരാക്കണം. ഓൺലൈൻ അപേക്ഷയിൽ രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരും നിശ്ചിത രേഖകളുടെ ഒറിജിനലും പകർപ്പും ഹാജരാക്കാത്തവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹരായിരിക്കുന്നതല്ല. അപേക്ഷകർക്ക് ഇൻറർവ്യൂ സംബന്ധിച്ചുള്ള അറിയിപ്പ് ഇമെയിൽ വഴി അയക്കും.
ഹാജരാക്കേണ്ട രേഖകൾ:
1. ഖാദിമുൽ ഹുജ്ജാജ് അപേക്ഷ.
2. കാലാവധിയുള്ള പാസ്പോർട്ട്.
3. കാലാവധിയുള്ള ഓഫീസ് തിരിച്ചറിയൽ കാർഡ്.
4. ഹജ്ജ്/ഉംറ ചെയ്തത് തെളിയിക്കുന്ന വിസ.
5. അവസാന മാസത്തെ സാലറി സ്ലിപ്പ്.
6. വകുപ്പ് തലവനിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം (NOC).
7. ഇതിന് മുമ്പ് ഖാദിമുൽ ഹുജ്ജാജ് ആയി എത്ര വർഷം സേവനം ചെയ്തു എന്ന് കാണിക്കുന്ന സ്വന്തം സാക്ഷ്യ പത്രം.
8. സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.