.
വടകര :ഡോക്ടർമാരുടെ അഭാവം ജില്ലാ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. സർജറി വിഭാഗത്തിലെ ഏക ഡോക്ടർ കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയതോടെ ശസ്ത്രക്രിയകൾ മുടങ്ങി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് നേരത്തേ തീയതി കിട്ടിയവർ ആശുപത്രിയിൽ വരുന്നുണ്ടെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നടക്കുന്നില്ല. ഒപിയുടെ സ്ഥിതിയും ഇതുതന്നെ. പകരം ഡോക്ടർ എപ്പോൾ വരുമെന്നതു സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് വ്യക്തതയില്ല.പേര് ജില്ലാ ആശുപത്രി എന്നാണെങ്കിലും പഴയ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും ഉള്ളത്.
സർജറി വിഭാഗത്തിൽ ഒരു കൺസൾട്ടന്റ്, ഒരു ജൂനിയർ സർജൻ എന്നീ രണ്ട് തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ ജൂനിയർ സർജൻ തസ്തിക കുറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് കൺസൾട്ടന്റ് സർജന് കഴിഞ്ഞദിവസം സ്ഥലംമാറ്റം വന്നത്. സാധാരണയായി, പകരം നിയമനം നടന്നാൽ മാത്രമേ സ്ഥലംമാറുന്ന ഡോക്ടറെ ഇവിടെനിന്ന് വിടുതൽ ചെയ്യുകയുള്ളൂ. എന്നാൽ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് പകരം നിയമനം നടക്കും മുമ്പെ വിടുതൽ കൊടുക്കേണ്ടിവന്നതെന്നാണ് ആശുപത്രി വിശദീകരണം.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ഈ ഡോക്ടർ മാറിയത്. സർജറി വിഭാഗത്തിൽ രണ്ട് പിജി ഡോക്ടർമാർ റൂറൽ സർവീസിന്റെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ഉണ്ടെങ്കിലും കൺസൾട്ടന്റ് സർജൻ ഇല്ലാതെ ഇവർക്ക് മാത്രമായി സർജറി ഒപി കൈകാര്യം ചെയ്യാൻ കഴിയില്ല. സർജറി ഒപിയുള്ള ദിവസം ഒട്ടേറെ രോഗികൾ താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇവിടെ എത്താറുണ്ട്. ഒട്ടേറെ ശസ്ത്രക്രിയകളും മാസത്തിൽ നടക്കും. ഇതെല്ലാം പ്രതിസന്ധി നേരിടുകയാണ്. ജില്ലാ ആശുപത്രി പദവിക്ക് അനുസൃതമായി ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാത്തത് ആശുപത്രിയുടെ മൊത്തത്തിലുളള പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പകരം ഡോക്ടറെ വേണമെന്ന ആവശ്യം ആശുപത്രി സൂപ്രണ്ട് ഡിഎംഒയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നടപടിയൊന്നുമായിട്ടില്ല.
വടകര ജില്ലാ ആശുപ്രതിയിൽ ഒഴിഞ്ഞ സർജറി വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എപ്രിൽ ഒന്നിന് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്താൻ വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർജന്റെ അഭാവം ഓപ്പറേഷൻ ആവശ്യമായ രോഗികൾക്ക് മറ്റ് ആശുപത്രിയിൽ ചികിൽസ തേടേണ്ട ഗതികേടിലാണ് . പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. വി കെ പ്രേമൻ , സുധീഷ് വള്ളിൽ, അഡ്വ പി ടി കെ നജ്മൽ, എന്നിവർ സംസാരിച്ചു. ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പട്ടു.