ദില്ലി: കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കം മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന മഹിള മേളയിലായിരുന്നു പ്രഖ്യാപനം. നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന ലഭ്യമാക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിത ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത വരണാധികാരികൾ, അംഗനവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പള വർദ്ധനവ് എന്നിവയടക്കം സ്ത്രീപക്ഷ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് നടത്തിയത്.
ഇന്നലെ നന്ദൂർബറിൽ ആദിവാസി ന്യായ് എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കായുളള പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. വനാവകാശ നിയമം ശക്തിപെടുത്തൽ, വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കൽ എന്നിവയായിരുന്നു അത്. കർഷകർ, വനിതകൾ, യുവജനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായുളള ന്യായ് പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഞായറാഴ്ച്ച മുംബൈയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇവ പിന്നീട് കോൺഗ്രസിന്റെ പ്രകടന പത്രികയിലേക്ക് ഉൾപ്പെടുത്തും.