തിരുവനന്തപുരം: സർക്കാർ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം പുനഃ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. കോടതി ഉത്തരവ് പ്രകാരം തരംതാഴ്ത്തിയ സർക്കാർ കോളജ് പ്രിൻസിപ്പൽമാരെ യു.ജി.സി റെഗുലേഷന് വിരുദ്ധമായി വീണ്ടും പ്രിൻസിപ്പൽമാരായി നിമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകിയത്.
നിശ്ചിത യോഗ്യതകളിൽ ഇളവ് നൽകി പ്രിൻസിപ്പൽമാരായി നിയമിച്ചത് കൊണ്ട്, യോഗ്യതയില്ലാത്ത മറ്റ് അധ്യാപകരും പ്രിൻസിപ്പൽ പ്രമോഷന് വേണ്ടി രംഗത്തിറങ്ങും. യൂ.ജി.സിയുടെ 2010 ലെ റെഗുലേഷന് വിരുദ്ധമായി 2017 -18 കാലയളവിൽ സി.പി.എം അധ്യാപക സംഘടന നേതാക്കന്മാർ ഉൾപ്പെടെ 12 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്രൂണൽ റദ്ദാക്കിയിരുന്നു.
സർക്കാർ കോളജിലെ ഇടത് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ. കെ. ദാമോദരൻ ഉൾപ്പെടെഉള്ളവർ അയോഗ്യരാണെന്നും തന്റെ പ്രിൻസിപ്പൽ പ്രൊമോഷൻ തടഞ്ഞതും ചോദ്യം ചെയ്ത് യൂനിവേഴ്സിറ്റി കോളജിലെ അധ്യാപകനായിരുന്ന ഡോ: ബാബു ഹർജി ഫയൽ ചെയ്തപ്പോഴാണ് അയോഗ്യരായ 12 പേരും ട്രിബ്രൂണൽ ഉത്തരവ് പ്രകാരം പുറത്തായത്.
യുജിസി 2010 റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മറ്റി രൂപീകരിച്ച് അധ്യാപകരുടെ യോഗ്യതകൾ പുന:പരിശോധിച്ച് ഹര ജ്ജിക്കാരനുൾപ്പടെയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിൽ തീരുമാനം എടുക്കാനും ട്രൂബ്രൂണൽ ഉത്തരവിട്ടിരുന്നു. ട്രിബ്രൂണലിൽ പരാതി നൽകിയിരുന്ന ഡോ: ബാബുവിന് 2017 മുതൽ മുൻകാലപ്രാബല്യത്തിൽ സാങ്കൽപ്പിക തസ്തികയിൽ പ്രിൻസിപ്പലായി പ്രമോഷൻ നൽകാനും ബാക്കിയുള്ളവരിൽ ഏഴ് പേർക്ക് യു.ജി.സി വ്യവസ്ഥയിൽ ഇളവ് നൽകി പ്രൊമോഷൻ നൽകാനുമാണ് സർക്കാർ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷയായ വിദഗ്ധ സമിതിയെയാണ് യോഗ്യതകൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ചിരുന്നത്.
യൂ.ജി.സി വ്യവസ്ഥ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് യൂനിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡ് ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ യു.ജി, പിജി, വിദ്യാർഥികളുടെ പ്രോജക്ടുകൾ ഗൈഡ് ചെയ്ത അധ്യാപകരെ യൂനിവേഴ്സിറ്റി അംഗീകൃത ഗൈഡുകൾ ആണെന്ന് ദുർവ്യാഖ്യാനം ചെയ്താണ് നിയമന വ്യവസ്ഥകൾ അട്ടിമറിച്ച് ഏഴ് പേർക്ക് പ്രിൻസിപ്പൽ പ്രമോഷൻ നൽകിയിരിക്കുന്നത്.
രാഷ്ട്രീയ സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ, യു.ജി.സി യോഗ്യതയില്ലാത്ത അധ്യാപകരെ സർക്കാർ കോളജ് പ്രിൻസിപ്പൽമാരായി നിയമിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്ന് ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ അറിയിച്ചു.