സർക്കാരിനെതിരായ പോരാട്ടം തുടരും: രാഹുൽ മാങ്കൂട്ടത്തിൽ

news image
Jan 17, 2024, 5:10 pm GMT+0000 payyolionline.in

തിരുവനന്തപുരം: തന്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ടെന്ന് ജയിലിൽ നിന്നിറങ്ങിയ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ  രാഹുൽ മാങ്കൂട്ടത്തിൽ. ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങൾ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. വൈകിട്ട് ജാമ്യം ലഭിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി ജയിലിന് പുറത്തിറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വൻ നിരതന്നെയുണ്ടായിരുന്നു. പ്രവർത്തകർക്കൊപ്പം ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.

രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ജാമ്യം ലഭിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe