സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഇടക്കാല മുൻകൂർ ജാമ്യം; മല്ലു ട്രാവലർ നാട്ടിലേക്ക്

news image
Oct 24, 2023, 7:40 am GMT+0000 payyolionline.in

കൊച്ചി ∙ സൗദി വനിത നൽകിയ ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ, വ്ലോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) നാട്ടിലേക്ക്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ്, നാട്ടിലേക്കു മടങ്ങുന്നുവെന്ന കാര്യം ഷാക്കിർ സുബ്‌ഹാൻ അറിയിച്ചത്. ലൈംഗികാതിക്രമ പരാതിയിൽ വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഷാക്കിർ സുബ്‌‌ഹാന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ‘ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കുമൊടുവിൽ വീട്ടിലേക്ക് മടങ്ങുന്നു. കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാനും കഥകൾ പങ്കിടാനും പ്രിയപ്പെട്ട ഭവനത്തിന്റെ പരിചിതമായ ആശ്വാസത്തിലേക്ക് വീണ്ടുമെത്താനും കാത്തിരിക്കുന്നു’ – ഷാക്കിർ സുബ്‌ഹാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതെന്നാണ് വിവരം. നിലവിൽ വിദേശത്തുള്ള ഷാക്കിർ കേരളത്തിൽ മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

നേരത്തേ, തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാർത്തകൾ തള്ളി ഷാക്കിർ തള്ളിയിരുന്നു. ഇതുവരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷാക്കിർ വ്യക്തമാക്കിയത്. ഒരാൾ കള്ളക്കേസ് കൊടുത്തതിന്റെ പേരിൽ ഉടൻ നാട്ടിലേക്കു വരേണ്ട കാര്യമില്ലെന്നും ഷാക്കിർ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസോ കോടതിയോ ആവശ്യപ്പെട്ടാൽ മാത്രമേ വരേണ്ടതുള്ളൂ. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും ഷാക്കിർ കുറിച്ചു.നിരപരാധിത്വം തെളിയിക്കുന്നതു വരെ, തനിക്കെതിരെ വരുന്ന എന്തും അനുഭവിക്കാൻ താൻ ബാധ്യസ്ഥനാണെന്നും കുറിപ്പിന്റെ ആമുഖമായി ഷാക്കിർ കുറിച്ചു.

കുറ്റാരോപിതൻ വിദേശത്തു തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. സൗദി യുവതിയുടെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഷാക്കിര്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശമെന്നായിരുന്നു വാർത്ത. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്‌ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിർ ആരോപിച്ചു. ഷാക്കിർ നാട്ടിലില്ലാത്തതിനാൽ അന്വേഷണം വൈകുമെന്ന് നേരത്തെ പൊലീസും വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe