കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,175 രൂപയായാണ് കൂടിയത്. പവന് 320 രൂപയും കൂടി. 89,400 രൂപയായാണ് പവന്റെ വില കൂടിയത്. ആഗോളവിപണിയിലും സ്വർണവില ഉയരുകയാണ്.
സ്വർണവിലയിൽ ഒരു ശതമാനം വർധനവാണ് ആഗോളവിപണിയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡ് വിലയിൽ 1.3 ശതമാനം വർധനവാണ് ഉണ്ടായത്. ഔൺസിന് 3,983.89 ഡോളറായാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം വർധനയോടെ 3,992.90 ഡോളറായാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഉയർന്നത്.
കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും പലിശനിരക്കുകൾ കുറക്കുമെന്ന് യു.എസ് ഫെഡറൽ സൂചന നൽകിയിരുന്നു. ഡിസംബറിൽ പലിശനിരക്ക് കുറക്കുമെന്ന സൂചനകളാണ് ഫെഡറൽ റിസർവ് നൽകിയിരിക്കുന്നത്. ഇതും സ്വർണനിരക്ക് ഉയരാനുള്ള കാരണങ്ങളിലൊന്നാണ്. ഇതിനൊപ്പം യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്വർണവിലയിൽ സ്വാധീനം ചെലുത്തും.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു.
