തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ വൻ വീഴ്ച. കേരളത്തിൽ ഇന്നു ഗ്രാമിന് 45 രൂപ താഴ്ന്ന് 9,210 രൂപയും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയുമായി. രണ്ടുദിവസം മുൻപ് പവൻവില 75,000 രൂപയെന്ന നിർണായക നാഴികക്കല്ല് ഭേദിച്ച് റെക്കോർഡ് കുറിച്ചിരുന്നു. എന്നാൽ, ഇന്നലെ ഒറ്റയടിക്ക് 1,000 രൂപ ഇടിഞ്ഞു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 1,360 രൂപ; ഗ്രാമിന് 485 രൂപ. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച. ഒരുഘട്ടത്തിൽ ഔൺസിന് 3,373 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 3,361 ഡോളറിൽ. കേരളത്തിലെ സ്വർണവില നിർണയത്തിന്റെ മറ്റുഘടകങ്ങളായ മുംബൈ വിപണിയിലെ വില ഗ്രാമിന് 50 രൂപയും ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) ഗ്രാമിന് 41 രൂപയും കുറഞ്ഞതും നേട്ടമായി. അതേസമയം, രൂപ ഇന്ന് ഡോളറിനെതിരെ 16 പൈസ ഇടിഞ്ഞ് 86.57ലാണ് വ്യാപാരം തുടങ്ങിയത്. രൂപ വീണില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്നു ഇതിലുമേറെ കുറയുമായിരുന്നു.
മലക്കംമറിഞ്ഞ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ നിലപാടിൽ നിന്ന് മലക്കംമറിയുന്നതാണ് നിലവിൽ സ്വർണത്തിന് തിരിച്ചടിയാകുന്നത്. സ്വർണവില താഴേക്കുനീങ്ങുന്നതിന്റെ പ്രധാന കാരണങ്ങൾ നോക്കാം:
∙ ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയ്ക്കെതിരെ കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് നേരത്തേ പറഞ്ഞ ട്രംപ് പിന്നീട് മലക്കംമറിഞ്ഞു. ജപ്പാനുമേൽ പ്രഖ്യാപിച്ച തീരുവ 30ൽ നിന്ന് 15 ശതമാനത്തിലേക്ക് കുറച്ചു. ജാപ്പനീസ്, യുഎസ് കമ്പനികൾക്കും ഓഹരി വിപണിക്കും ഇതു നേട്ടമായി.
∙ യൂറോപ്യൻ യൂണിയനുമേൽ ഓഗസ്റ്റ് ഒന്നുമുതൽ 30% തീരുവ ഈടാക്കുമെന്ന് പറഞ്ഞ ട്രംപ് ഇപ്പോൾ മയപ്പെടുന്നതായാണ് സൂചന. തീരുവ 15 ശതമാനത്തിലേക്ക് താഴ്ത്തിയേക്കും. യുഎസ്-യൂറോപ്യൻ യൂണിയൻ തീരുവത്തർക്കം മയപ്പെടുന്നതും സ്വർണത്തിന് തിരിച്ചടിയാകുന്നു.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെ പുറത്താക്കാനുള്ള നീക്കങ്ങളിലേക്ക് ട്രംപ് കടന്നിരുന്നു. എന്നാൽ, ഇന്നലെ ഫെഡറൽ റിസർവ് ആസ്ഥാനം സന്ദർശിച്ചശേഷം ട്രംപ് പറഞ്ഞത് പവലിനെ പുറത്താക്കാൻ നീക്കമില്ലെന്ന്.
∙ പലിശ കുറയ്ക്കണമെന്ന നിലപാടിൽ നിന്ന് ട്രംപ് പിന്നോട്ടുപോയില്ലെങ്കിലും പവലുമായുള്ള ഭിന്നത മയപ്പെട്ടു. ഇതോടെ, ഈ മാസവും പലിശനിരക്ക് കുറയാനുള്ള സാധ്യതമങ്ങിയത് സ്വർണത്തിന് താഴേക്കുള്ള വഴിയൊരുക്കി.
∙ രണ്ടുദിവസം മുമ്പ് രാജ്യാന്തരവില ഔൺസിന് 3,400 ഡോളർ ഭേദിച്ചിരുന്നു. തുടർന്ന് ലാഭമെടുപ്പ് തകൃതിയായതും വിലയിറക്കത്തിന് ഇടയാക്കി.
ഡോളറും പലിശയും സ്വർണവും
താരിഫ് പ്രതിസന്ധി അകലുന്നതും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും യുഎസ് ഡോളറിനു നേട്ടമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി
ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.19% ഉയർന്ന് 97.57ൽ എത്തി.
∙ ഡോളർ ശക്തിനേടിത്തുടങ്ങിയതോടെ സ്വർണവില താഴേക്കുനീങ്ങി.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ ബാങ്ക് നിക്ഷേപ പലിശനിരക്ക്, കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നേട്ടം (ട്രഷറി യീൽഡ്), ഡോളറിന്റെ മൂല്യം എന്നിവ കുറയുകയും സ്വർണവില കൂടുകയും ചെയ്യുമായിരുന്നു.
∙ എന്നാൽ, പലിശനിരക്ക് കുറയാനുള്ള സാധ്യതമങ്ങിയത് സ്വർണത്തെ വീഴ്ത്തുകയായിരുന്നു.
ഇനിയും വില താഴേക്കോ?
യുഎസ്-യൂറോപ്യൻ യൂണിയൻ, യുഎസ്-ഇന്ത്യ വ്യാപാരചർച്ചകൾ സമവായത്തിന്റെ പാത സ്വീകരിച്ചാൽ സ്വർണവില കൂടുതൽ താഴേക്കുനീങ്ങും. മറിച്ച് ട്രംപ് വീണ്ടും കടുംപിടിത്തത്തിന്റെ ഭാഷ ഉപയോഗിച്ചാൽ വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാകും. ഇതു സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വില കൂടുകയും ചെയ്യും.
∙ വ്യാപാര ചർച്ചയ്ക്ക് ഓഗസ്റ്റ് ഒന്നിനകം തീർപ്പുവേണമെന്ന നിലപാടാണ് ട്രംപിനുള്ളത്.
∙ ഓഗസ്റ്റ് ഒന്നിനകം സമവായമുണ്ടായില്ലെങ്കിൽ ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും മറ്റും ട്രംപ് ഏകപക്ഷീയമായി കനത്ത തീരുവ ചുമത്തും. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും സ്വർണവില കൂടുകയും ചെയ്യും.
∙ എന്നാൽ, ഓഗസ്റ്റ് ഒന്നിനകം വ്യാപാരഡീലിൽ എത്താനുള്ള ശ്രമം തകൃതിയാണ്.
കുഞ്ഞൻ കാരറ്റുകളും വെള്ളിയും
കേരളത്തിൽ ഇന്നു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,590 രൂപയായി. മറ്റു ചില ജ്വല്ലറികൾ ഈടാക്കുന്നത് 35 രൂപ കുറച്ച് 7,555 രൂപയാണ്. വെള്ളിക്കും പലവിലയാണ്. ചിലർ ഗ്രാമിന് ഒരുരൂപ കൂട്ടി 127 രൂപയാക്കി. മറ്റു ചില വ്യാപാരികൾ ഗ്രാമിന് രണ്ടുരൂപ കുറച്ച് 123 രൂപയും.
∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,885 രൂപ.
∙ 9 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ താഴ്ന്ന് 3,795 രൂപ.
പവന്റെ വാങ്ങൽവിലയും താഴ്ന്നു
ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവിലയിലും ഇന്നു മികച്ച കുറവുണ്ടായി. സ്വർണം ആഭരണമായി വാങ്ങുമ്പോൾ ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്. 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 79,740 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,968 രൂപയും.
∙ ഇന്നലെ പവന്റെ വാങ്ങൽവില 80,128 രൂപയായിരുന്നു; ഗ്രാമിന് 10,016 രൂപയും
∙ റെക്കോർഡ് തകർത്ത ബുധനാഴ്ച ഒരു പവൻ ആഭരണം വാങ്ങാൻ 81,210 രൂപയെങ്കിലും കൊടുക്കണമായിരുന്നു; ഗ്രാമിന് 10,151 രൂപയും.