കൊച്ചി: സ്വർണവും വിലയേറിയ രത്നങ്ങളും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇ-വേ ബിൽ തയാറാക്കുന്നതിന് ഓൺലൈൻ പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം മരവിപ്പിച്ച് ജി.എസ്.ടി കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാപാരാവശ്യങ്ങൾക്കായി പത്തുലക്ഷം രൂപക്ക് മുകളിൽ വിലയുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് ജനുവരി ഒന്ന് മുതൽ ഇ-വേ ബിൽ നിർബന്ധമാക്കിയത്. തീരുമാനത്തിനെതിരെ തുടക്കംമുതൽ വിമർശനം ഉയർന്നിരുന്നു.
സ്വകാര്യ വ്യക്തികൾക്ക് നിലവിലെ വിലയനുസരിച്ച് 35 ലക്ഷം രൂപയിലധികം വിലവരുന്ന 500 ഗ്രാം സ്വർണം കൈവശം വെക്കാമെന്നിരിക്കെ പത്തുലക്ഷം രൂപയിലധികം വിലയുള്ള സ്വർണത്തിന് വ്യാപാരികൾക്ക് ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് കള്ളക്കടത്തിന് കാരണമാകുമെന്നതായിരുന്നു പ്രധാന വിമർശനം.
പത്തുലക്ഷം പരിധി ഒഴിവാക്കി 500 ഗ്രാം സ്വർണത്തിന് മുകളിൽ എന്നാക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടിരുന്നു.