തുറയൂര്‍ : കൊയപ്പള്ളി തറവാട് ട്രസ്റ്റ് പുതുക്കിപ്പണിത നാലുകെട്ടിൻ്റെ ഒന്നാംനില ഹാളിൽ വരമുഖി വനിതാ ആർട്ടിസ്റ്റ് കമ്യൂണിറ്റിയിലെ കലാകാരികൾ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ‘മ്യൂറൽ പെയിൻ്റിങ്ങ് സീരീസ്’ കെ.കെ.രമ എം.എൽ.എ സമൂഹത്തിന് സമർപ്പിച്ചു. പുതു തലമുറക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും പഴയ തലമുറയുടെ ത്യാഗത്തെക്കുറിച്ചും അറിവ് പകരാൻ വരമുഖിയുടെ ശ്രദ്ധേയമായ ഈ രചനകൾക്ക് കഴിയുമെന്നതിൽ സംശയമില്ല.
വനിതകൾക്ക് സമൂഹത്തിൽ പുതിയ ഇടങ്ങൾ സമൂഹത്തിൽ ഒരുക്കുവാനും മജിനി തിരുവങ്ങൂരിൻ്റെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മക്ക് കഴിയുന്നു എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. യോഗത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് വിജയൻ കൈനടത്ത് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ മധുശങ്കർ മീനാക്ഷി മുഖ്യാഥിതിയായി ആസ്വാദന ഭാഷണം നിർവഹിച്ചു. ബാലഗോപാൽ പുതുക്കുടി, ശ്രീനിവാസൻ കൊടക്കാട്, ധനഞ്ജയൻ കൂത്തടുത്ത്, എ.കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.