ദില്ലി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങിയതോടെ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിലടക്കം സുരക്ഷ ശക്തമാക്കി. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു. ചെങ്കോട്ട ഉൾപ്പെടെ രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷ വിന്യാസമാണ് ഒരുക്കിയത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.
രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തും. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും.പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും പങ്കെടുക്കും. കര-നാവിക-വ്യോമസേനകൾ, ദില്ലി പൊലീസ്, എൻസിസി എൻഎസ്എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റാലികള്‍ നടന്നു.