സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്നും വര്‍ധന രേഖപ്പെടുത്തിയതോടെ തുടർച്ചയായ നാലാം ദിനവും പൊന്നിൻവില ഉയരുകയാണ്. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,130 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.
ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതൽ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്.
ഏപ്രിലിലാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. എന്നാൽ, ഏപ്രില്‍ 23 മുതല്‍ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സ്വര്‍ണ വില കുതിക്കുകയാണ്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.