കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കെയാണ് കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. സാധാരണ അന്തര്‍ദേശീയ വിപണിയില്‍ വില കൂടുമ്പോള്‍ കേരളത്തിലും ഉയരേണ്ടതാണ്. പുതിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കേരളത്തിലും സ്വര്‍ണവില ഉയര്‍ന്നേക്കും. കേരളത്തില്‍ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണം ഇന്ന് 70000ത്തിന് താഴെക്ക് വീണു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ഡോളര്‍ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയുമാണ്. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടത് ആശ്വാസമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ചുങ്കപ്പോര് ഡോളറിന്റെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ്. സ്വര്‍ണവില കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8720 രൂപയാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 280 രൂപ താഴ്ന്ന് 69760 രൂപയിലെത്തി. തിങ്കളാഴ്ച 120 രൂപ കുറഞ്ഞിരുന്നു. അതായത്, രണ്ട് ദിവസങ്ങളിലായി 400 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7180 രൂപയായി. വെള്ളി ഗ്രാമിന് 107 രൂപയില്‍ തുടരുന്നു.
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. 24, 22, 18, 14 കാരറ്റുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത്. 24 കാരറ്റില്‍ തങ്കമാണ് ലഭിക്കുക. ബാര്‍ ആയും കോയിന്‍ ആയും ഇവ കിട്ടും. വില്‍ക്കുന്ന സമയം വലിയ നഷ്ടമില്ലാതെ പണമാക്കി മാറ്റാനും സാധിക്കും. അതേസമയം, 22 കാരറ്റില്‍ ആഭരണങ്ങളും കോയിനുമാണ് ലഭിക്കുക.