സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് മുന്നോടിയായുള്ള പതുങ്ങല്‍, ഇന്നത്തെ പവന്‍ വില അറിയാം

news image
Sep 17, 2025, 5:20 am GMT+0000 payyolionline.in

കൊച്ചി: വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ വരാനിരിക്കുന്നു എന്ന് വിപണി നിരീക്ഷകര്‍ പ്രവചിച്ചിരിക്കെ, കേരളത്തില്‍ ഇന്ന് മറിച്ചാണ് കാര്യങ്ങള്‍. സ്വര്‍ണവില ഇന്ന് കുറഞ്ഞു. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് വൈകീട്ട് പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. ഇതോടെ സ്വര്‍ണവില കയറും എന്നാണ് വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ കുറവ് വലിയ ആശ്വാസമായി കാണേണ്ടതില്ല. അന്താരാഷ്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3700 ഡോളര്‍ കടന്ന് കുതിച്ചിരുന്നു എങ്കിലും ഇപ്പോള്‍ 3682 ആയി കുറഞ്ഞിട്ടുണ്ട്. ഏഷ്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ട്രെന്‍ഡ് ആണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു. അതേസമയം, നാളെ സ്വര്‍ണവിലയില്‍ വലിയ മാറ്റം വന്നേക്കാം.

ചൊവ്വാഴ്ച കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 82080 രൂപയായിരുന്നു വില. ആദ്യമായി 82000 കടന്നത് വലിയ വാര്‍ത്തയായിരുന്നു. സ്വര്‍ണം കൈവശം സൂക്ഷിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതായി ഈ കണക്ക്. ചെറുകിട ജ്വല്ലറികളില്‍ ചിലര്‍ പഴയ സ്വര്‍ണം തിരിച്ചുവാങ്ങുന്നത് നീട്ടിവയ്ക്കുന്നു എന്ന പ്രചാരണമുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 81920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 89000 രൂപ വരെ ചെലവ് വന്നേക്കാം. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും.

 

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 8410 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6550 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4225 രൂപയായി കുറഞ്ഞിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 137 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഒരു വേള 3703 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണത്തിന്റെ വില എത്തിയ ശേഷമാണ് ഇടിഞ്ഞത്. യുഎസ് പലിശ നിരക്ക് എങ്ങനെ ബാധിക്കും ഇന്ന് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തുമെന്നാണ് പ്രചാരണം. കാല്‍ ശതമാനം മാത്രമാണ് കുറയ്ക്കുന്നത് എങ്കില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം വരില്ല. എന്നാല്‍ അര ശതമാനം കുറയ്ക്കുകയാണെങ്കില്‍ സ്വര്‍ണവില കയറും. ഡോളര്‍ മൂല്യം ഇടിയുന്നതും നിക്ഷേപ വരുമാനം കുറയുന്നതുമാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്ന ഡോളര്‍ സൂചിക ഇപ്പോള്‍ 96.75 എന്ന നിരക്കിലാണ്. അതുകൊണ്ടുതന്നെ രൂപ അല്‍പ്പം കയറി 87.84 ആയി. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിച്ചതിനാല്‍ ഡോളര്‍ മൂല്യം ഇനിയും ഇടിയുമെന്നാണ് കരുതുന്നത്. ഇന്ത്യയുമായുള്ള വ്യാപാരം തടസം നേരിട്ടതും അമേരിക്കയിലെ പണപ്പെരുപ്പത്തിന് ഒരു കാരണമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച തുടരുകയാണ്. എന്തു തീരുമാനമാണ് അന്തിമമായി എടുക്കുക എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന്റെ ഭാവി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe