കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 4000 ഡോളര്‍ പിന്നിട്ടതോടെയാണ് കേരളത്തില്‍ 90000 രൂപ കടന്ന് പവന്‍ വില കുതിച്ചത്. ഇനിയും വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യാന്തര തലത്തിലെ ചില വിപണി നിരീക്ഷകര്‍ വില കുറയാനുള്ള സാധ്യതയും പ്രവചിക്കുന്നു.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായ 2008ലാണ് സ്വര്‍ണം ഔണ്‍സ് വില 1000 ഡോളര്‍ കടന്നത്. 2011ല്‍ 2000 ഡോളര്‍ പിന്നിട്ടു. കൊവിഡിന് ശേഷം 2021ല്‍ 3000 ഡോളര്‍ കടന്ന സ്വര്‍ണം ഇന്ന് 4000 ഡോളര്‍ കടന്നുമുന്നേറി. ഒരു പക്ഷേ, കുറഞ്ഞാല്‍ 3800 ഡോളര്‍ വരെയും ഉയര്‍ന്നാല്‍ 4250 വരെയും ഈ വര്‍ഷം വില എത്തിയേക്കാം…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90320 രൂപയാണ് വില. ഇന്ന് 840 രൂപയാണ് കൂടിയത്. ഇന്നലെ 920 രൂപയും തിങ്കളാഴ്ച 1000 രൂപയും വര്‍ധിച്ചു. അഞ്ച് ദിവസത്തിനിടെ മാത്രം 3800 രൂപയോളം വര്‍ധിച്ചു. ഇത്രയും വര്‍ധനവ് മറ്റൊരു വസ്തുവിനും നിലവിലില്ല. സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ലാഭം തരുമെന്ന തോന്നലാണ് എത്ര വില കൂടിയാലും ഇടപാട് ഉയരാന്‍ കാരണം.
ഈ മാസം ഒന്നിന് 87000 രൂപയായിരുന്നു പവന്‍ വില. എന്നാല്‍ മൂന്നാം തിയ്യതി 86560 രൂപയായി താഴ്ന്നു. പിന്നീട് ഓരോ ദിവസവും വില കൂടുകയാണ് ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ 4015 ഡോളറിലാണ് നിലവില്‍ വ്യാപാരം. രൂപയുടെ മൂല്യം 88.75 ആയി കുറഞ്ഞു നില്‍ക്കുകയാണ്. ഡോളര്‍ അല്‍പ്പം കരുത്ത് കൂട്ടുന്നുണ്ട്. ഡോളര്‍ സൂചിക 99ലേക്ക് അടുക്കുകയാണ്.