കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ. അക്ഷയതൃതീയ ദിനം സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരുണ്ട്. സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കഴിഞ്ഞ വര്‍ഷം മെയ് 10നായിരുന്നു അക്ഷയതൃതീയ. ഈ വര്‍ഷം ഏപ്രില്‍ 30നാണ്. എല്ലാ ജ്വല്ലറികളിലും വിവിധ ഡിസൈനുകളിലെ ആഭരണങ്ങളും കോയിനുകളും ഒരുക്കുകയാണ് വ്യാപാരികള്‍.
ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷയിലാണെങ്കിലും സ്വര്‍ണവില കുത്തനെ വര്‍ധിച്ച സാഹചര്യമാണ് അവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നത്. അഭൂതപൂര്‍വമായ വര്‍ധനവാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്. 35 ശതമാനം വില വര്‍ധനവ് കഴിഞ്ഞ അക്ഷയതൃതീയക്ക് ശേഷമുണ്ടായി എന്ന് വ്യാപാരികള്‍ പറയുന്നു. എങ്കിലും കുറഞ്ഞ വിലയില്‍ സ്വര്‍ണം സ്വന്തമാക്കാനുള്ള വഴികഴുണ്ട്…
2023ല്‍ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം ഗ്രാമിന് 5575 രൂപയും പവന് 44600 രൂപയുമായിരുന്നു. 2024ല്‍ ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി വര്‍ധിച്ചു. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നുള്ള വര്‍ധനവാണ് കണ്ടത്. ഇപ്പോള്‍ ഒരു ഗ്രാമിന് 9005 രൂപയും പവന് 72040 രൂപയമാണ്. അതായത്, ഗ്രാമിന് 2305 രൂപയും പവന് 18440 രൂപയും കൂടി എന്ന് ചുരുക്കം. കഴിഞ്ഞ വര്‍ഷം 1200 കോടിയുടെ വ്യാപാരം 2023ന് ശേഷം 61 ശതമാനവും 2024 അക്ഷയതൃതീയക്ക് ശേഷം ഇന്നുവരെ 35 ശതമാനവും സ്വര്‍ണവില കൂടി. മറ്റൊരു വസ്തുവിനും ഇത്രയും വില വര്‍ധന രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം അക്ഷയതൃതീയ ദിനത്തില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2320 ഡോളറായിരുന്നു വില. ഇപ്പോള്‍ 3317 ഡോളറായി വര്‍ധിച്ചു.
രൂപയുടെ മൂല്യത്തിലും വലിയ മാറ്റമുണ്ടായി. കഴിഞ്ഞ വര്‍ഷം വിനിമയ നിരക്ക് 83.30 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 85.42 ആയിട്ടുണ്ട്. രൂപയുടെ നിരക്കും സ്വര്‍ണവിലയെ ബാധിക്കും. ഇന്നത്തെ പവന്‍ നിരക്ക് അടിസ്ഥാനമാക്കി ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 78000 രൂപ വരെ ചെലവ് വന്നേക്കും. ഡിസൈന്‍ കൂടിയ ആഭരണമാണേല്‍ ഇനിയും വില കൂടും. ജിഎസ്ടി വകുപ്പില്‍ നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണ വ്യാപാരമാണ് ഒരു ദിവസം കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയ ദിവസം 1200 കോടി രൂപയുടെ വ്യാപാരം നടന്നതായിട്ടാണ് ഏകദേശ കണക്ക്. ഇത്തവണ ജ്വല്ലറി വ്യാപാരികളുടെ പ്രതീക്ഷ 1500 കോടിക്ക് മുകളിലാണ്.
കുറഞ്ഞ വില എന്ന് പറഞ്ഞാല്‍… ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള മാര്‍ഗം തിരയുന്നവരും ഏറെയാണ്. 18 കാരറ്റിലേക്കും 14 കാരറ്റിലേക്കും തിരിയുകയാണ് ഏക മാര്‍ഗം. 18 കാരറ്റ് ഗ്രാമിന് 7410 രൂപയാണ് പുതിയ നിരക്ക്. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 59280 രൂപയാകും. പണിക്കൂലിയും ജിഎസിടിയും ചേര്‍ത്ത് ആഭരണം വാങ്ങുമ്പോള്‍ 64000ത്തിന് അടുത്ത് വിലയെത്തും. 22 കാരറ്റ് ആഭരണവും 18 കാരറ്റ് ആഭരണവും ഒരു പവന്‍ വില അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ 14000 രൂപയുടെ കുറവ് 18 കാറ്റിനാണ്. 14 കാരറ്റ് സ്വര്‍ണത്തിന് വില ഇനിയും കുറയും. അക്ഷയതൃതീയ ദിവസത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കുറഞ്ഞ അളവില്‍ സ്വര്‍ണം വാങ്ങാം.
പഴയ ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന ഉപഭോക്താക്കള്‍ തന്നെ പറയുന്നു. സ്വര്‍ണാഭരണം വില്‍ക്കുമ്പോഴുള്ള നഷ്ടം 22 കാരറ്റിന്റെ ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 78000 രൂപ വരെ ചെലവ് വരുമെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഈ സ്വര്‍ണം വില്‍ക്കുമ്പോള്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ പരിഗണിക്കില്ല. സ്വര്‍ണത്തിന്റെ തൂക്കം മാത്രമാണ് നോക്കുക. അതോടെ 6000 രൂപയോളം ആദ്യം തന്നെ നഷ്ടമാകും. മാത്രമല്ല, മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറച്ചാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. അതായത് വീണ്ടും 2800 രൂപയുടെ കുറവ് വരാന്‍ സാധ്യതയുണ്ട്. മൊത്തം 9000 രൂപയോളം നഷ്ടം. കരുതല്‍ ശേഖരമായ ഡോളര്‍ വിറ്റ് മിക്ക രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില കുതിക്കാന്‍ കാരണം. സ്വര്‍ണവില കുറയാന്‍ വഴിയുണ്ടോ എന്നാണ് എല്ലാവരുടെയും ചോദ്യം. വില കൂടിയ സാഹചര്യത്തില്‍ ലാഭമെടുക്കാന്‍ വേണ്ടി വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നാല്‍ സ്വര്‍ണവില കുറയും. മാത്രമല്ല, അമേരിക്ക വ്യാപാര പോരില്‍ നിന്ന് പിന്മാറിയാലും സ്വര്‍ണവില കുറയും. ഡോളര്‍ കരുത്ത് കൂട്ടിയാലും സ്വര്‍ണവിവ താഴും.