കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിൽ 1999ൽ ദ്വാരപാലക ശില്പത്തിൽ സ്വർണ്ണം പൊതിഞ്ഞെങ്കിൽ പിന്നെന്തിന് 20വർഷങ്ങൾക്ക് ശേഷം വീണ്ടും സ്വർണ്ണം പൂശി. പൂശിയത് സ്വർണ്ണത്തിലോ അതോ ചെമ്പിലോ? ഹൈക്കോടതിയുടെ ഈ സംശയങ്ങളിലൂന്നിയുള്ള ചോദ്യങ്ങൾ വഴിതുറന്നത് ശബരിമലയിൽ നടന്ന വലിയ തട്ടിപ്പിലേക്കെന്നാണ് നിലവിൽ പുറത്ത് വന്ന വിവരങ്ങൾ. വിവാദത്തിൽ വ്യക്തത വരുത്താൻ എസ് പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയാണ് കോടതി അന്വേഷണത്തിന് ആദ്യം നിയോഗിച്ചത്.
എന്നാൽ ഈ അന്വേഷണത്തിലെ ഇടക്കാല റിപ്പോർട്ടിൽ തന്നെ ഗുരുതര കണ്ടെത്തലുകൾ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ കോടതി നേരിട്ട് നിയോഗിച്ചത്. ഇന്ന് ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് ഉദ്യോഗസ്ഥൻ നേരിട്ടെത്തി കോടതിയിൽ ഹാജരാക്കി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണോ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്നത്? ഉദ്യോഗസ്ഥ തല ഗൂഢാലോചന നടന്നിട്ടുണ്ടോ?