സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം. രാവിലെ ഇടിഞ്ഞുവീണ പവന് വില ഉച്ചയ്ക്ക് ശേഷം തിരിച്ചുകയറി. ഇതോടെ പവന് വില വീണ്ടും 90000 ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ മാസം ഇത് നാലാം തവണയാണ് ഒരു ദിവസത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത്. ഇന്നലെ 91040 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്.
എന്നാല്‍ ഇന്ന് രാവിലെ പവന് 1360 രൂപ ഒറ്റയടിക്ക് കുറഞ്ഞു. ഇതോടെ 89680 ലേക്ക് പവന് വില വീണു. ഗ്രാമിന് 170 രൂപ കുറഞ്ഞ് 11210 രൂപയായി. ഈ ആഴ്ചയില്‍ എന്നല്ല ഈ മാസം തന്നെ സ്വര്‍ണ വില ഇത്ര കണ്ട് താഴേക്ക് വീഴുന്നത് ആദ്യമായിരുന്നു. ഓരോ ദിവസവും ആയിരം രൂപയോളം കൂടിയാണ് ഒക്ടോബര്‍ രണ്ട് 86560 രൂപയായിരുന്ന പവന് വില 91040 ലേക്ക് എത്തിയത്.
ഇന്ന് രാവിലെ സ്വര്‍ണ വില താഴേക്ക് വീണപ്പോള്‍ ഉപഭോക്താക്കള്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കഥ മാറി. പവന് സ്വര്‍ണത്തിന് ഉച്ചയ്ക്ക് ശേഷം 1040 രൂപയാണ് കൂടിയത്. ഇതോടെ രാവിലെ 89680 രൂപയായിരുന്ന പവന് വില ഇപ്പോള്‍ 90720 ലേക്ക് എത്തി. ഗ്രാമിന് 130 രൂപ കൂടിയതോടെ 11210 രൂപയില്‍ വ്യാപാരം നടത്തിയ ഗ്രാം സ്വര്‍ണം 11340 ലേക്കും എത്തിയിട്ടുണ്ട്. രാവിലെ വില കുറഞ്ഞത് കണ്ട് ഉച്ചക്ക് ശേഷം സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരെ സംബന്ധിച്ചിടത്തോളം വിലയില്‍ വന്ന മാറ്റം വലിയ തിരിച്ചടിയായി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും റെക്കോര്‍ഡ് ഉയര്‍ന്ന നിലവാരത്തിലെ ഡിമാന്‍ഡ് ക്ഷീണവും ലഘൂകരിക്കുന്നതിന്റെ ഫലമായി ഉയര്‍ന്ന തലങ്ങളില്‍ ലാഭമെടുപ്പ് നടന്നതിനാല്‍ ആണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ചാഞ്ചാടിയത് എന്നാണ് വിലയിരുത്തല്‍.
വ്യാപാരികളും നിക്ഷേപകരും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങുന്നതിന്റെ സൂചനയാണ് ഉച്ചയ്ക്ക് ശേഷം വില കൂടിയത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് വിലയേറിയ ലോഹങ്ങളില്‍ ലാഭക്കമ്മി ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞത് മഞ്ഞ ലോഹത്തിന് പിന്തുണ നല്കുന്നു. രാവിലത്തെ സെഷനില്‍ ഡോളര്‍ സൂചിക 0.20 ശതമാനത്തിലധികം ഇടിഞ്ഞതിനാല്‍ വിദേശ കറന്‍സികളില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു.
സ്വര്‍ണത്തിന് യുഎസ് ഡോളറിലാണ് വില കണക്കാക്കുന്നത്. അതിനാല്‍ യുഎസ് കറന്‍സിയിലെ ബലഹീനത മറ്റ് കറന്‍സികളില്‍ സ്വര്‍ണത്തെ കൂടുതല്‍ താങ്ങാനാവുന്ന വിലയാക്കുന്നു, അതുവഴി അതിന്റെ ആവശ്യകത വര്‍ധിക്കുന്നു. കഴിഞ്ഞ സെഷനില്‍ എംസിഎക്സ് സ്വര്‍ണ്ണം 10 ഗ്രാമിന് 1,23,677 എന്ന റെക്കോര്‍ഡ് വിലയിലെത്തി. അതേസമയം എംസിഎക്സ് വെള്ളിയും കിലോയ്ക്ക് 1,53,388 എന്ന പുതിയ ഉയര്‍ന്ന വിലയിലെത്തി.
ഭൗമരാഷ്ട്രീയം സംഘര്‍ഷത്തില്‍ നിന്ന് സമാധാന അന്തരീക്ഷത്തിലേക്ക് എത്തിയാല്‍ നിക്ഷേപ സൗഹൃദ സാഹചര്യം ഉടലെടുക്കും. ഇത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഓഹരി പോലെ അപകടസാധ്യതയുള്ള ആസ്തികളിലേക്ക് മടങ്ങാന്‍ വഴിയൊരുക്കും. സ്വാഭാവികമായും അപ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ ഇടിവ് വരികയും വിലയില്‍ കുറവ് വരികയും ചെയ്യും. സ്വര്‍ണത്തെ സുരക്ഷിതമായ ആസ്തിയായാണ് കണക്കാക്കുന്നത്. അതിനാലാണ് സാമ്പത്തിക അനിശ്ചിതത്വം പോലുള്ള സമയങ്ങളില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടുന്നത്. ഈ ഘട്ടങ്ങളില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകൃഷ്ടരാകും. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വര്‍ണത്തിന് നിക്ഷേപ ആവശ്യത്തോടൊപ്പം തന്നെ സാംസ്കാരിക പ്രാധാന്യവും ഉണ്ട്. അതിനാല്‍ ഉത്സവകാല സീസണായ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ സ്വര്‍ണത്തിന് രാജ്യത്ത് വില്പന കൂടും.