കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളജ് അറിയിച്ചു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരായ ആദിത്യനും ആകാശും എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.
ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്, ഷാലിക് എന്നീ പൂര്‍വ്വ വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കെ.എസ്.യുവിന്റെ കോളജിലെ നേതാവായിരുന്നു ഷാലിക്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. കാമ്പസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി കാമ്പസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് തിരച്ചിൽ നടത്തിയത്.