ന്യൂഡൽഹി: ആഡംബര കൊട്ടാരം നിർമിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.
മുഖ്യമന്ത്രിയായിരിക്കെ കെജ്രിവാൾ തൻ്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് ഏകദേശം 45 കോടി രൂപ ചെലവഴിച്ചുവെന്ന അവകാശവാദങ്ങളെ പരാമർശിച്ചായിരുന്നു മോദിയുടെ വിമർശനം.
ഡൽഹിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമോദി. ഡൽഹിയിലെ അശോക് വിഹാറിൽ ചേരി നിവാസികൾക്കായി നിർമിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചത്. തനിക്കും ആഡംബര കൊട്ടാരം നിർമിക്കാമായിരുന്നുവെന്നും എന്നാൽ മോദി വീട് പോലും നിർമ്മിച്ചില്ലെന്ന് രാജ്യത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി ഡൽഹിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണ്. ആയുഷ്മാൻ യോജന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കിയപ്പോഴും ഡൽഹി സർക്കാർ മാറി നിന്നു. പരസ്യമായി അഴിമതി നടത്തി എ.എപി ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.