‘സ്വത്തുമായി ബന്ധപ്പെട്ട് വ്യക്തി അധിക്ഷേപം, കോൺ​ഗ്രസ് നേതൃത്വം മറുപടി പറയണം, കിട്ടിയത് പിതാവിന്റെ സ്വത്ത്’ – ജെയ്ക് സി തോമസ്

news image
Aug 16, 2023, 4:29 am GMT+0000 payyolionline.in

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്.  വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.  കോൺഗ്രസ് സൈബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു. ജെയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്കാണ് ജെയ്ക് പത്രിക സമർപ്പിക്കുക. ഇടത് കൺവീനർ ഇ. പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ജെയ്ക്കിനെ അനുഗമിക്കും.

ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയിൽ എത്തും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കിയിരിക്കുന്നത്. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe