പേരാമ്പ്ര∙ കോഴിക്കോട്, കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി പൊലീസും മോട്ടർ വാഹന വകുപ്പും എക്സൈസും. ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം പരിശോധന. കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ നിരന്തരം അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തിൽ ചില ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നതെന്ന് പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബസ് ഡ്രൈവർ പൊലീസ് പിടിയിലായിരുന്നു.
ഈ സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണർ പരിശോധനയ്ക്ക് നിർദേശം നൽകിയത്. ഇന്നലെ പേരാമ്പ്ര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്.ഡ്രൈവർമാരുടെ മോശമായ ഇടപെടൽ, അമിത ശബ്ദത്തോടെയുള്ള ഫോണുകൾ, ട്രിപ് കട്ടിങ് മുതലായ കാര്യങ്ങളിലും നടപടി എടുത്തു. ആൾക്കോ മീറ്റർ വച്ച് സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസിലെയും ഡ്രൈവർമാരെ ഉൾപ്പെടെ പരിശോധന നടത്തി. എയർ ഫോണുകൾ, ക്യാമറ ഫിറ്റ് എന്നിവ കണ്ടെത്തി. കോഴിക്കോട് ആർടിഒ പി.സന്തോഷ് കുമാർ വടകര ആർടിഒ ആർ.രജീഷ് പേരാമ്പ്ര ജോയിന്റ് ആർടിഒ കെ.പ്രഗീഷ്, എംവിഐ പി.ഗിരീഷ് കുമാർ, പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷീദ്, എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ പി.അശ്വിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
