തിരുവനന്തപുരം: കേരളത്തിലെ തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ പോർട്ടൽ ആരംഭിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. www.privatejobs.employment.kerala.gov.in എന്ന പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററുമായി (NIC) സഹകരിച്ചാണ് തൊഴിൽ വകുപ്പ് ഈ പോർട്ടൽ വികസിപ്പിച്ചത്. പോർട്ടലിലൂടെ തൊഴിൽ ദാതാക്കളെയും ഉദ്യോഗാർഥികളെയും ഒരുമിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പോർട്ടലിന്റെ പ്രധാന സവിശേഷതകൾ:
- തൊഴിൽ ദാതാക്കളുടെയും അവർ പോസ്റ്റ് ചെയ്യുന്ന ജോലികളുടെയും വിവരങ്ങൾ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കും. ഇത് പോർട്ടലിന്റെ വിശ്വാസ്യത വർധിപ്പിക്കും.
തൊഴിൽ ദാതാക്കൾക്ക് ജോബ് ഡ്രൈവുകൾ നടത്താനും കോൾ ലെറ്റർ, അപ്പോയിൻ്റ്മെൻ്റ് ലെറ്റർ എന്നിവ ഓൺലൈനായി അയക്കാനും സാധിക്കും.
- വലിയ തൊഴിൽ മേളകൾ സംഘടിപ്പിക്കാനും ഓൺലൈനായി അപേക്ഷിച്ചവർക്ക് പുറമെ സ്പോട്ട് രജിസ്‌ട്രേഷനിലൂടെ തത്സമയം പങ്കെടുക്കാനും പോർട്ടൽ അവസരം നൽകും.
- 50-നും 65-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളുടെ ഡാറ്റാ പോർട്ടലിൽ ഉൾപെടുത്തിയിട്ടുണ്ട് അവർ ആർജിച്ചിട്ടുള്ള തൊഴിൽ നൈപ്പുണ്യവും പ്രവർത്തി പരിചയവും ചേർക്കുന്ന മുറക്ക് അവരെ നവജീവൻ ഡാറ്റാ ബാങ്കിൽ ഉൾപെടുത്തുന്നതാണ്.
- ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സ്മാർട്ട് ഐഡി കാർഡും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും തൊഴിൽ ദാതാക്കൾക്ക് നിയമന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും.
അഡ്വ. ആന്ററണി രാജു എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് ഐ എ എസ്, ജി മാധവദാസ്, തൈകാട് വാർഡ് കൗൺസിലർ, കെ വി ജയകുമാർ, NIC സീനിയർ ഡയറക്ടർ, സജിത്കുമാർ റ്റി, എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ, അശ്വതി ജി ഡി, മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ മോഹനദാസ് പി കെ എന്നിവർ സംസാരിച്ചു.